സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് അപകടം; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; അപകടം കളിക്കുന്നതിനിടെ; ഞെട്ടിപ്പിക്കുന്ന സംഭവം അരുണാചലിൽ
ഡൽഹി: സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് വൻ ദുരന്തം. ദാരുണ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. അരുണാചൽ പ്രദേശിലെ നഹർലാഗൂണിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്കൂളിൽ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.
മരിച്ചവർ 9-ാം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജലസംഭരണിയിൽ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.