സ്‌കൂളിന്റെ സമൃദ്ധിക്കായി നരബലി; രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊന്നു; സ്‌കൂള്‍ ഡയറക്ടറടക്കം 5 പേർ പിടിയിൽ

Update: 2024-09-27 11:06 GMT

ഹത്രാസ്സ്: ഉത്തർപ്രദേശിലെ ഹത്രാസിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അന്ധവിശ്വാസത്തിൻ്റെ പേരിൽ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. സ്കൂളിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ വേണ്ടിയായിരുന്നു നാടിനെ നടുക്കിയ ദുരാചാരക്കൊലയുണ്ടായത്. ഡിഎൽ പബ്ലിക് സ്‌കൂളിൽ പഠിച്ചിരുന്ന കൃതാർത്ഥ് എന്ന കുട്ടിക്കെതിരെയാണ് ദാരുണമായ സംഭവമുണ്ടായതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

സെപ്തംബർ 22നാണ് മൂന്ന് പേർ ചേർന്ന് കുട്ടിയെ ഹോസ്റ്റൽ മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സ്കൂൾ ഡയറക്ടറായ ദിനേശ് ബാഗേലിനോട് പിതാവ് ജശോധൻ സിംഗാണ് സ്കൂളിന്റെ അഭിവൃദ്ധിക്കായി ഒരു കുട്ടിയെ നരബലി നൽകാൻ ആവശ്യപ്പെട്ടിരുന്നത്. ദിനേശ് ബാഗേലിന്റെ പിതാവ് മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സ്‌കൂളിന് പിന്നിലെ കുഴൽക്കിണറിന് സമീപമായിരുന്നു കുട്ടിയെ ബലി നൽകാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഉറങ്ങിക്കിടന്ന കുട്ടിയെ തീരുമാനിച്ചിരുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണർന്നു. തുടർന്ന നാട്ടുകാർ കൂടുമെന്ന പരിഭ്രാന്തിയിൽ പ്രതികൾ സ്കൂളിനുള്ളിൽ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് കുഴൽക്കിണറിന് സമീപം ആചാരപരമായ വസ്തുക്കൾ കണ്ടെത്തി, അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

നേരത്തെ, സെപ്റ്റംബർ ആറിന് മറ്റൊരു ആൺകുട്ടിയുമായെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ, കുട്ടി ബഹമുണ്ടാക്കി ഓടിയതോടെ പദ്ധതി പാളി. പിന്നീട് കുട്ടിയുടെ വൈദ്യപരിശോധനയിൽ കഴുത്ത് ഞെരിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തി.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. നരബലി അർപ്പിക്കുന്നത് സ്കൂളിൻ്റെ വിജയത്തിലേക്ക് നയിക്കുമെന്ന് ദുർമന്ത്രവാദത്തിൽ വിശ്വാസമുള്ള പ്രതികൾ വിശ്വസിച്ചിരുന്നു.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഹത്രാസ് പോലീസ് സ്ഥിരീകരിച്ചു.സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗല്‍, അദ്ദേഹത്തിന്റെ പിതാവ് ജഷോധന്‍ സിങ്, അധ്യാപകരായ ലക്ഷ്മണ്‍ സിങ്, വീര്‍പാല്‍ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂളില്‍ കൂടുതല്‍ വിജയങ്ങളുണ്ടാവാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഹത്രാസ് എസ്.പി നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

Tags:    

Similar News