ക്രീം റോളിൽ ഇരുമ്പ് കഷ്ണം; റോൾ കഴിക്കുന്നതിനിടെ ഇരുമ്പ് വായിൽ കയറി; ഏഴു വയസുകാരിയ്‌ക്ക് ഗുരുതര പരിക്ക്; ബേക്കറി ഉടമയ്‌ക്കെതിരെ പരാതി

Update: 2024-12-03 11:08 GMT

ലക്നൗ: ബേക്കറിയിൽ നിന്ന് വാങ്ങിയ ക്രീം റോൾ കഴിക്കുന്നതിനിടെ ഇരുമ്പ് കഷ്ണം വായിൽ തട്ടി ഏഴു വയസുകാരിയ്‌ക്ക് ഗുരുതര പരിക്ക്. ലക്നൗവിലാണ് ദാരുണമായ സംഭവമുണ്ടായത്. ലക്നൗവിലെ പത്രകർപുരത്തുള്ള ബേക്കറിയിൽ നിന്നാണ് ക്രീം റോൾ വാങ്ങിയത്. ഇത് വീട്ടിൽ വെച്ച് കഴിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് അപകടമുണ്ടായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അഡ്വക്കേറ്റ് ക്രാന്തിവീർ സിംഗ് പോലീസിൽ പരാതി നൽകി.

നവംബർ 21 നാണ് സംഭവം. ഗോമതിനഗറിലെ പത്രകർപുരത്തുള്ള ഒരു ബേക്കറിയിൽ നിന്നും ക്രാന്തിവീർ സിംഗ് നാല് ക്രീം റോളുകൾ വാങ്ങി. ഇത് കഴിക്കുന്നതിനിടെ മകളുടെ വായിൽ ഇരുമ്പ് കഷ്ണം തട്ടുന്നത്. വായിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് . ക്രീം റോൾ പരിശോധിച്ചപ്പോൾ അതിൽ ഒരു ഇരുമ്പ് കഷ്ണം കണ്ടെത്തി.

ബേക്കറി കടയുടമ ക്രീം റോൾ ഇരുമ്പ് കഷണത്തിൽ ചുറ്റി ചുട്ടെടുക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ വിൽപ്പനയ്‌ക്ക് വയ്‌ക്കും മുൻപ് അത് എടുത്ത് മാറ്റിയിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. ഭക്ഷണത്തിൽ മായം ചേർക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബേക്കറി ഉടമയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

അതേസമയം കുട്ടിയുടെ പിതാവ് നൽകിയ പരാതിയ്‌ക്കൊപ്പം ക്രീം റോളിലുണ്ടായിരുന്ന ഇരുമ്പ് കഷ്ണവും തെളിവായി പോലീസിന് നൽകിയിട്ടുണ്ട്. തുടർന്ന് ബേക്കറി ഉടമയ്ക്ക് നോട്ടീസ് നൽകി. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചുവരികയാണ്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടമയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    

Similar News