ഡിസംബര്‍ 31ന് രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഗിഗ് തൊഴിലാളികള്‍
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികള്‍ ഡിസംബര്‍ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. മെച്ചപ്പെട്ട വേതനം, ഗിഗ്പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് സമരം. ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികള്‍ പണിമുടക്ക് നടത്തിയിരുന്നു.
തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂനിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും ചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുന്ന '10 മിനിറ്റ് ഡെലിവറി' സംവിധാനം പിന്‍വലിക്കണം, സുതാര്യമായ വേതന ഘടന ഉറപ്പാക്കണം, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി ജീവനക്കാര്‍ അന്നേദിവസം ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ സേവനം കുറക്കുകയോ ചെയ്യുമെന്ന് യൂനിയനുകള്‍ അറിയിച്ചു. പണിമുടക്കിനെക്കുറിച്ച് ബന്ധപ്പെട്ട കമ്പനികള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കര്‍ണാടക സര്‍ക്കാര്‍ ഗിഗ് തൊഴിലാളികള്‍ക്കായി സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് നിലവില്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല. കുറഞ്ഞ വരുമാനവും അമിത ജോലിഭാരവും കാരണം ഗിഗ് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും, ഗിഗ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഈ പണിമുടക്ക് പൊതുജനങ്ങളെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
