തിരുപ്രംകുണ്ട്രം മലയിലേക്ക് മാംസാഹാരവുമായി മലയാളികള്‍; പാലക്കാട് നിന്നുള്ള സംഘത്തെ തടഞ്ഞ് പൊലീസ്; നിര്‍ദേശം അംഗീകരിച്ചതോടെ ദര്‍ഗയിലേക്കു പോകാന്‍ അനുമതി

Update: 2025-12-29 07:55 GMT

മധുര: മധുര തിരുപ്രംകുണ്ട്രം മലയില്‍ മാംസാഹാരവുമായി പ്രവേശിക്കാന്‍ പാലക്കാട് നിന്നുള്ള സംഘം നടത്തിയ നീക്കം തടഞ്ഞ് പൊലീസ്. മലമുകളിലേക്കു മാംസ വിഭവങ്ങള്‍ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു തടഞ്ഞത്. പൊലീസ് നിര്‍ദേശം അംഗീകരിച്ചതിനാല്‍ ഇവരെ ദര്‍ഗയിലേക്കു പോകാന്‍ അനുവദിച്ചു. മലമുകളിലെ സിക്കന്തര്‍ ബാദുഷ ദര്‍ഗയിലെ ചന്ദനക്കുടം ആഘോഷത്തില്‍ പങ്കെടുക്കാന്‍ നാല്‍പതിലേറെപ്പേരാണ് പാലക്കാട് നിന്നെത്തിയത്. തെങ്കാശിയില്‍ നിന്നെത്തിയ മറ്റൊരു സംഘത്തെയും പൊലീസ് തടഞ്ഞു.

ചന്ദനക്കുടം ആഘോഷം നിരോധിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുബ്രഹ്‌മണ്യ ക്ഷേത്രം കൂടി സ്ഥിതി ചെയ്യുന്ന മലയില്‍ മൃഗബലി നടത്തുമെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണു തള്ളിയത്. ദര്‍ഗയ്ക്കു സമീപമുള്ള ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ അനുമതി നല്‍കിയുള്ള ഹൈക്കോടതി വിധി നേരത്തെ വിവാദമായിരുന്നു. ദീപം തെളിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലും ജനുവരിയില്‍ പരിഗണിക്കും.

കുന്നിന്‍മുകളിലെ ശിലാസ്തംഭത്തിനു ഹിന്ദുമതവുമായി ബന്ധമില്ലെന്നും ജൈന സന്യാസിമാര്‍ നിര്‍മിച്ചതാണെന്നും ഹൈക്കോടതിയില്‍ ഈ മാസമാദ്യം തമിഴ്‌നാട് സര്‍ക്കാര്‍ വാദമുന്നയിച്ചിരുന്നു. ഈ വിഷയവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Similar News