വിമാനത്താവളത്തില്‍ നിന്നും കാറിനടുത്തേക്ക് നടക്കവെ വിജയ്യെ വളഞ്ഞ് ആരാധകര്‍; താഴെ വീണ് താരം

Update: 2025-12-29 12:49 GMT

ചെന്നൈ: 'ജനനായകന്‍' സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്ക്ക് വിമാനത്താവളത്തില്‍ ആരാധകരുടെ വന്‍വരവേല്‍പ്പ്. നടനെ കാണാന്‍ നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തില്‍ ഒത്തുകൂടിയിരുന്നത്. വിജയ് എത്തിയതോടെ ഇവരെല്ലാവരുംകൂടി കൂട്ടത്തോടെ അടുത്തേക്ക് എത്തുകയായിരുന്നു. ആളുകള്‍ തിക്കിത്തിരക്കിയതോടെ മുന്നോട്ട് നടക്കാനാവാതെ താരം നിലത്തുവീണു.

കാറിനടുത്തേക്ക് നടന്ന സമയത്താണ് ആള്‍ക്കൂട്ടം താരത്തെ വളഞ്ഞത്. സുരക്ഷാ സേനാംഗങ്ങളും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ആരാധകര്‍ ആര്‍പ്പ് വിളിച്ച് സുരക്ഷാസേനയുടെ ബെല്‍റ്റ് ഭേദിച്ച് അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ആരാധകര്‍ നടനൊപ്പം നില്‍ക്കാനും ഫോട്ടോ എടുക്കാനും ശ്രമിക്കുന്നതിനിടെ വിജയ് വീഴുകയായിരുന്നു.

ഇതോടെ സുരക്ഷാ സംഘം താരത്തെ പിടിച്ചുയര്‍ത്തി സുരക്ഷിതമായി കാറിലേക്ക് കൊണ്ടുപോയി. വീഴ്ചയില്‍ നടന് പരിക്കൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ, ടിവികെ സമ്മേളനത്തില്‍ വിജയ് പ്രസംഗിക്കുന്നതിനിടെ ആരാധകരില്‍ ഒരാള്‍ സമ്മേളനനഗരിയിലെ ടവറില്‍ വലിഞ്ഞുകയറിയത് ആശങ്കയുണ്ടാക്കിയിരുന്നു. ഒടുവില്‍ വിജയ് നിരവധി തവണ അഭ്യര്‍ഥിച്ചതോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്.

ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീല്‍ സ്റ്റേഡിയത്തിലാണ് 'ദളപതി തിരുവിഴ' എന്ന പേരില്‍ 'ജനനായകന്‍' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പൂര്‍ണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള നടന്റെ അവസാന സിനിമയെ ആഘോഷിക്കാന്‍ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉള്‍പ്പെടെ 80,000ലേറെ പേര്‍ ഒത്തുകൂടിയിരുന്നു.

Similar News