ആക്രമണത്തില്‍ ഞെട്ടിപ്പോയി, അത് മറക്കാന്‍ ശ്രമിക്കുന്ന അധ്യായം; സുപ്രീംകോടതിയിലെ ഷൂ ഏറിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയിലെ ഷൂ ഏറിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ചീഫ് ജസ്റ്റിസ്

Update: 2025-10-09 12:06 GMT

ന്യൂഡല്‍ഹി: കോടതി മുറിയില്‍ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും മറക്കാന്‍ ശ്രമിക്കുന്ന അധ്യായമാണ് അതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. ''തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഞാനും എന്റെ സഹോദരനും ഞെട്ടിപ്പോയി. ഞങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന അധ്യായമാണത്''-എന്നാണ് ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തില്‍ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടുത്തിടെ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകന്‍ അദ്ദേഹത്തിന് നേരെ ഷൂ എറിഞ്ഞത്.

ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ ജീര്‍ണിച്ച ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സെപ്റ്റംബര്‍ 16 ന് തള്ളിക്കൊണ്ട് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയ പരാമര്‍ശമാണ് ആക്രമണത്തിന് കാരണമാക്കിയത്. ഇതൊരു പരസ്യ താല്‍പര്യ കേസാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ വിഷ്ണുവിന്റെ ഭക്തനാണെന്നിരിക്കെ, നന്നായി പ്രാര്‍ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക''-എന്നാണ് ബി.ആര്‍. ഗവായ് ഹരജിക്കാരനോട് പറഞ്ഞത്.

സംഭവം വിവാദമായെങ്കിലും തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നില്ലെന്നാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോര്‍ പ്രതികരിച്ചത്. അതിന് ഏതു തരത്തിലുള്ള പ്രത്യാഘാതം നേരിടാന്‍ തയാറാണെന്നും ഇയാള്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് ബാര്‍ അസോസിയേഷന്‍ വിലക്കിയിരുന്നു. അതിനുമുമ്പ് ബാര്‍ കൗണ്‍സിലില്‍ നിന്ന് അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News