ശ്രീനഗർ വിമാനത്താവളത്തില്‍ പ്രത്യേക പുകവലി കേന്ദ്രം; സമൂഹ മാധ്യമങ്ങളിൽ വിമർശനം; 'വിഡ്ഢികൾ' എന്ന് ആരോഗ്യ വിദഗ്ധൻ; വിവാദമായതോടെ എക്സ് ഹാൻഡിൽ പോസ്റ്റ് നീക്കം ചെയ്ത് യര്‍പോര്‍ട്ട് അധികൃതർ
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത പുകവലി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. വിമാനത്താവളത്തിനുള്ളിലെ സുരക്ഷ മേഖലക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ പുകവലി കേന്ദ്രത്തിനെതിരെ ആരോഗ്യ പ്രവർത്തകരടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. കരൾ രോഗ വിദഗ്ധനായ ഇന്ത്യൻ ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് വിമാനത്താവളത്തിനുള്ളിലെ പുകവലി കേന്ദ്രത്തിനെതിരെ പരസ്യമായി എത്തിയതോടെയാണ് സംഭവം സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടിയത്. പുകവലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ സമൂഹ മാധ്യമത്തിലൂടെ തുറന്നു പറയുന്ന ഡോക്ടർ, ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ 'വിഡ്ഢികൾ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് തന്‍റെ എതിർപ്പ് പ്രകടിപ്പിച്ചത്.
ഗേറ്റ് 07 -ന് സമീപമാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്ന പുകവലി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പുകവലിക്കാർക്ക് വിശ്രമിക്കാൻ ഒരു പ്രത്യേക ഇടം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. എന്നാൽ, ഈ നീക്കത്തെ നിരവധി പേരാണ് വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്. പുകവലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പൊതുവിടങ്ങളിലെ അത്തരം പ്രവർത്തി ഉണ്ടാക്കുന്ന അപകട സാധ്യതകളും വലിയ ചർച്ചയാകുന്ന കാലത്തും ഇത്തരത്തിലുള്ളൊരു തീരുമാനം തെറ്റാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പൊതുവിൽ ഉയർന്ന അഭിപ്രായം. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കർശനമായി നിരോധിക്കണമെന്നും നിയമങ്ങൾ കടുപ്പിച്ച് നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അതേസമയം പുകവലി കേന്ദ്രത്തിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി കണക്കാക്കുന്ന ചാംഗിയിലും മിക്ക ആഗോള ഹബ്ബ് എയർപോർട്ടുകളിലും ഇത്തരത്തിലുള്ള ഒന്നിലധികം പുകവലി സോണുകൾ ഉണ്ട്. ഇതിന് ആവശ്യക്കാരുള്ളതിനാൽ വിമാനത്താവളങ്ങൾ ഇത്തരത്തിൽ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു പദ്ധതിയെ അനുകൂലിച്ചവർ അഭിപ്രായപ്പെട്ടത്. 'ആവേശകരമായ വാർത്ത' എന്ന തലകെട്ടോടെയാണ് പുകവലി കേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ച് ശ്രീനഗർ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ അധികൃതർ പങ്കുവെച്ചത്. എന്നാല്‍ പിന്നീട് വിമർശനങ്ങൾ കനത്തതോടെ ഈ ട്വീറ്റ് ശ്രീനഗര്‍ എയര്‍പോര്‍ട്ട് അധികൃതർ നീക്കം ചെയ്തു.