സമുദ്രാതിർത്തി ലംഘനം; മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്ക പിടിച്ചെടുത്തു; 34 പേർ അറസ്റ്റിൽ; നിയമനടപടികൾ പുരോഗമിക്കുന്നു; വാർത്ത സ്ഥിരീകരിച്ച് ഫിഷറീസ് വകുപ്പ്
രാമനാഥപുരം: രാമനാഥപുരത്ത് നിന്നും പോയ 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടികൂടി. ഇപ്പോൾ ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവരെ നിയമനടപടികൾക്കായി കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറേറ്റിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
തലൈമന്നാറിന് വടക്ക് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളെ തടയാൻ ശ്രീലങ്കൻ നാവികസേനയുടെ നോർത്തേൺ നേവൽ കമാൻഡും കോസ്റ്റ് ഗാർഡും ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റും നോർത്ത് സെൻട്രൽ നേവൽ കമാൻഡിൻ്റെ ഇൻഷോർ പട്രോൾ ക്രാഫ്റ്റും വിന്യസിച്ചിരുന്നു. 2025-ൽ ശ്രീലങ്കൻ നാവികസേന 6 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി 52 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു.
രാമേശ്വരം സ്വദേശി സച്ചിൻ, തങ്കച്ചിമഠം സ്വദേശി ഡെനിൽ, റൂബിൽഡൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായതെന്ന് രാമനാഥപുരത്ത് ഫിഷറീസ് വകുപ്പ് അറിയിച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർനടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിട്ടുണ്ട്.