ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണം: ഹര്‍ജി നാളെ സുപ്രീംകോടതിയില്‍
ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണം
ന്യൂഡല്‍ഹി : ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് നിരോധിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു ദേശീയ ഉള്ളടക്ക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഫില്‍ട്ടര്‍ ചെയ്യാതെ അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകളും പ്രൊഫൈലുകളും ഉണ്ടെന്നും വിവിധ ഒടിടി പ്ലാറ്റ്ഫോമുകള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടക്കമുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിനെ മലിനമാക്കുന്നുവെന്നും അതുവഴി കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പൊതു സുരക്ഷയിലും ഇവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
അധികൃതരെ വിഷയം ബോധ്യപ്പെടുത്താന്‍ നിരവധി നടപടികള്‍ സ്വീകരിച്ചെന്നും അവയൊന്നും ഫലപ്രദമായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ കണ്ടന്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതുവരെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒടിടിയിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ മാതൃകയില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മേഖലയിലെ പ്രമുഖ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.