കുടുംബ വഴക്കിനെത്തുടർന്ന് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഒഴാഴ്ച മുൻപ്; ആശുപത്രി വിട്ട ശേഷം 4 മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി കൊടും ക്രൂരത; പിന്നാലെ പിതാവ് ജീവനൊടുക്കി
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൽവാഡ ഗ്രാമത്തിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമോൽ സോനാവാൻ എന്നയാളാണ് സ്വന്തം മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പകുതി വെള്ളം നിറച്ച വലിയ ഡ്രമ്മിലേക്ക് പിഞ്ചുമകനെ വലിച്ചെറിഞ്ഞ് അമോൽ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇയാൾ ജീവനൊടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ഡയപ്പറും ധരിച്ച നിലയിലായിരുന്നു. മൃതദേഹത്തോടൊപ്പം ഒരു പ്ലാസ്റ്റിക് കപ്പും കണ്ടെത്തിയിരുന്നു.
കുടുംബ വഴക്കിനെത്തുടർന്ന് അമോലും ഭാര്യയും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും എന്നാൽ അന്ന് ഇവരെ രക്ഷപ്പെടുത്താനായതായും പോലീസ് പറഞ്ഞു. ഈ സംഭവത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ദമ്പതികൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അമോലിന്റെയും മരിച്ച കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.