രാത്രി വൈകിയെത്തിയ ഓർഡർ; ഭക്ഷണവുമായെത്തിയ ഡെലിവറി ഏജന്റ് ബെല്ലടിച്ചത് മറ്റൊരു ഫ്ലാറ്റിൽ; തർക്കത്തിന് പിന്നാലെ കൂട്ടയടി; വൈറലായി വീഡിയോ

Update: 2026-01-27 06:47 GMT

ഗ്രേറ്റർ നോയിഡ: ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി ഏജന്റിന് ഫ്ലാറ്റ് മാറി ഡോർബെല്ലടിച്ചതിനെ തുടർന്നുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. ഗ്രേറ്റർ നോയിഡയിലെ ബീറ്റ-2 ഏരിയയിലുള്ള നിംബസ് സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. സുരക്ഷാ ജീവനക്കാരും റൈഡറും റൈഡറുടെ കൂട്ടാളികളും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

രാത്രി വൈകിയെത്തിയ ഡെലിവറി റൈഡർ ഓർഡർ നൽകുന്നതിനിടെയാണ് മറ്റൊരു ഫ്ലാറ്റിന്റെ ഡോർബെല്ലിൽ അബദ്ധത്തിൽ അമർത്തിയത്. ഇതേതുടർന്ന് ഫ്ലാറ്റിലെ താമസക്കാരൻ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. മെയിൻ ഗേറ്റിലെത്തിയ സുരക്ഷാ ജീവനക്കാരും ഡെലിവറി റൈഡറും തമ്മിൽ വാക്കുതർക്കമുണ്ടായി. പോലീസ് പറയുന്നതനുസരിച്ച്, വാക്കുതർക്കം അധികം വൈകാതെ കയ്യാങ്കളിയായി മാറി.

ഇതിനിടെ, ഡെലിവറി റൈഡർ തന്റെ കൂട്ടാളികളെക്കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുകയും സംഘർഷം രൂക്ഷമാവുകയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഗേറ്റിൽ നിരവധി പേർ പരസ്പരം അടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വടികളും മറ്റും ഉപയോഗിക്കുന്നതും കാണാം. ഈ സംഘർഷം കുറച്ചധികം നേരം നീണ്ടുനിൽക്കുകയും താമസക്കാരെയും അതുവഴി കടന്നുപോയവരെയും ഭയപ്പെടുത്തുകയും ചെയ്തു.

ആളുകൾ മാറിനിന്ന് കയ്യാങ്കളി വീക്ഷിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേർ ഡെലിവറി റൈഡറെ വിമർശിച്ചപ്പോൾ, ഒരു സംഭവത്തിന് രണ്ട് വശങ്ങളുണ്ടാകാമെന്ന് ചിലർ അഭിപ്രായപ്പെട്ടു. 

Tags:    

Similar News