ഭാര്യക്കൊപ്പം ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിക്കാനെത്തി; ഫ്രഞ്ച് അംബാസഡറുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; നാല് പേർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിക്കാനെത്തിയ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഭാര്യക്കൊപ്പം മാർക്കറ്റ് സന്ദർശിക്കാനെത്തിയ അംബാസഡറുടെ മൊബൈൽ ഫോൺ മോഷണം പോയി. തുടർന്ന് ഫ്രഞ്ച് എംബസി പോലീസിൽ വിവരമറിയിച്ചു. കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 20നാണ് മോഷണമുണ്ടായത്. ഫ്രഞ്ച് അംബാസഡർ, ഭാര്യയ്ക്കൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിച്ചക്കവെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോവുകയായിരുന്നു. തുടർന്ന് 21-ാം തീയ്യതിയാണ് ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നിന്ന് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതികൾ 20നും 25നും ഇടയിൽ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു.