''ഇസ്രായേൽ വേണ്ട'' കേസെടുക്കണം; സോഷ്യൽ മീഡിയയിൽ വിവാദം; ബസ്സിന്റെ പേര് 'ജെറുസലേം' എന്നാക്കി ട്രാവൽസ് ഉടമ

Update: 2024-10-07 07:07 GMT

മംഗളൂരു: ഇസ്രായേൽ ട്രാവൽസ് എന്ന പേര് ജെറുസലേം എന്ന് മാറ്റി ബസ്സ് ഉടമ. സാമൂഹ മാധ്യമങ്ങളിൽ ഉണ്ടായ വിമർശനങ്ങൾക്ക് പിന്നാലെയാണ് ബസ് ഉടമയുടെ നടപടി. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ലെസ്റ്റർ കട്ടീൽ എന്നയാളാണ് തന്‍റെ ബസിന്‍റെ പേര് മാറ്റിയത്. കഴിഞ്ഞ 12 വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുകയാണ് ഇയാൾ.

നേരത്തെ, ഇസ്രായേൽ ട്രാവൽസ് എന്ന പേരിനെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ മാധ്യമങ്ങളിൽ നിന്നും ആവശ്യം ഉയർന്ന് വന്നിരുന്നു. ഇതോടെ വിവാദം ഒഴിവാക്കാനായി പോലീസ് നിർദ്ദേശത്തെ തുടർന്നാണ് ബസ് ഉടമ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

മൂഡ്ബിദ്രി - കിന്നിഗോളി - കടീൽ - മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിനായിരുന്നു പേര് മാറ്റിയത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ബസിന്‍റെ പേരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലെസ്റ്റർ കട്ടീലിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചു. ഇതോടെയാണ് ബസിന്‍റെ പേര് ജെറുസലേം എന്നാക്കി മാറ്റിയത്.

പേര് മാറ്റാൻ പോലീസ് സമ്മർദമുണ്ടായിട്ടില്ലെന്നും, ഇസ്രായേൽ ട്രാവൽസ് എന്ന പേരിൽ ആളുകൾക്ക് പ്രശ്‌നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ലെസ്റ്റർ കട്ടീല്‍ പറഞ്ഞു.

ഇസ്രായേലാണ് തനിക്ക് നല്ലൊരു ജീവിതം നൽകിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഞാൻ ഇസ്രായേലിലെ ജീവിത രീതി ഇഷ്ടപ്പെടുന്നു അതിനാലാണ് ഇസ്രായേൽ ട്രാവൽസ് എന്ന് പേരിട്ടത്. സോഷ്യൽ മീഡിയയിലെ കമൻ്റുകളിൽ തനിക്ക് സങ്കടം തോന്നിയെന്നും ലെസ്റ്റർ കട്ടീൽ പറഞ്ഞു. 

Tags:    

Similar News