പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നേരായ വസ്ത്രധാരണരീതി പാലിക്കുന്നില്ല; പലപ്പോഴും ധരിക്കുന്നത് ടീ ഷർട്ടുകളും കാഷ്വൽ ചെരിപ്പുകളും; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Update: 2024-10-19 06:32 GMT

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും പരാതി. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിനെതിരെ അഭിഭാഷകൻ ഹർജി നൽകി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു ഇതൊക്കെയാണ് ഉദയനിധിക്കെതിരെയുള്ള പ്രധാന പരാതി.

അഭിഭാഷകൻ സത്യകുമാർ ആണ്‌ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കുമ്പോൾ എല്ലാം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.

ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും വ്യക്തമാക്കി. ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

സർക്കാർ നടത്തുന്ന പരിപാടികളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുള്ളതിനാൽ ഇത് ശരിയല്ലെന്നാണ് അഭിഭാഷകൻ ഉയർത്തുന്ന വാദം.

Tags:    

Similar News