ഞങ്ങൾക്ക് ജീവിക്കാൻ തന്നെ ഇപ്പൊ..പേടിയാണ്; സത്യമായിട്ടും ഇത് ഉദ്യോഗസ്ഥർ തമ്മിൽ ഒത്തുകളിച്ചതാണ്; ഉന്നാവ് ബലാത്സംഗ കേസിലെ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു
ഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ നീതി ആവശ്യപ്പെട്ട് ദില്ലി ജന്തർമന്തറിൽ സമരം നടത്തുന്നതിനിടെ അതിജീവിതയും മാതാവും കുഴഞ്ഞുവീണു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിന് അനുകൂലമായ നിലപാടെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്ന് ആരോപിച്ചാണ് അതിജീവിത സിബിഐക്ക് പരാതി നൽകിയത്.
ആറ് പേജുള്ള പരാതിയിൽ, വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിൽ സിബിഐ ഉദ്യോഗസ്ഥർക്ക് അട്ടിമറി പങ്കുണ്ടെന്നാണ് അതിജീവിത ആരോപിക്കുന്നത്. കേസിന്റെ അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥർ മനപ്പൂർവ്വം വീഴ്ച വരുത്തിയെന്നും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ സിബിഐ അഭിഭാഷകർ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സെൻഗാറിനെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും അതിജീവിത ആരോപിച്ചു. കൂടാതെ, തന്റെ മൊഴിയിൽ കൃത്രിമം കാണിച്ചതായും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹൈക്കോടതി നടപടിയിൽ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിൽ, സിബിഐ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെൻഗാറിന് ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള ഒരു പൊതുതാൽപര്യ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ജന്തർമന്തറിൽ മൂന്ന് മണിക്കൂറോളമാണ് അതിജീവിതയും മാതാവും സമരമിരുന്നത്. വിവിധ വിദ്യാർത്ഥി-വനിതാ സംഘടനകൾ ഇവരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ, കേസിന്റെ നിയമപരമായ ഭാവിയും അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടവും നിർണ്ണായക വഴിത്തിരിവിലാണ്.