'ഇനിമുതൽ പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ അളവെടുക്കുകയോ സലൂണിൽ മുടി മുറിക്കുകയോ ചെയ്യരുത്';'മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കണം'; നിർണായക ഉത്തരവുമായി യുപി വനിതാ കമ്മീഷൻ
ലഖ്നൌ: സമൂഹത്തിൽ ഇപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഇത്തരം ആക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ വനിതാ കമ്മീഷനും രാപകൽ ഇല്ലാതെ പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ വസ്ത്രങ്ങളുടെ അളവെടുക്കുകയോ സലൂണിലെ പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കുകയോ ചെയ്യരുതെന്ന നിർണായക ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ. മോശം സ്പർശനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.
വസ്ത്രം തയ്ക്കാൻ എത്തുന്ന സ്ത്രീകളുടെ അളവെടുക്കുന്നത് വനിതാ തയ്യൽക്കാർ ആയിരിക്കണമെന്നും ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെ പിന്തുണച്ചെന്നും ഹിമാനി പറയുന്നു.
പുരുഷന്മാരുടെ ലൈംഗിക താല്പര്യത്തോടെ മോശമായി സ്പർശിക്കുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം അത്ര നല്ലതല്ലെന്നും ഹിമാനി പറഞ്ഞു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.