വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍: വിഐപികള്‍ യാത്ര ചെയ്ത ഉദ്ഘാടന ദിനം മാത്രം നല്ല ഭക്ഷണം; സാധാരണക്കാര്‍ക്കായി സര്‍വീസ് തുടങ്ങിയപ്പോല്‍ വ്യത്യാസം; ദുരനുഭവം പങ്കുവെച്ച് യാത്രക്കാരന്‍
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍: വിഐപികള്‍ യാത്ര ചെയ്ത ഉദ്ഘാടന ദിനം മാത്രം നല്ല ഭക്ഷണം
ന്യൂഡല്‍ഹി: വന്ദേഭാരതിന്റെ പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഓടിത്തുടങ്ങിയത്. ഇപ്പോഴിതാ, വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ നിലവാരം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. വിഐപികള്‍ യാത്ര ചെയ്ത ഉദ്ഘാടന ദിവസം വന്ദേഭാരത് സ്ലീപ്പറില്‍ വിതരണം ചെയ്ത ഭക്ഷണവും സാധാരണജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങിയപ്പോള്‍ നല്‍കിയ ഭക്ഷണവും തമ്മിലെ വ്യത്യാസം ചൂണ്ടികാട്ടി യാത്രക്കാരന്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്.
ഉദയ് ചാറ്റര്‍ജി എന്നയാളാണ് രണ്ട് ഭക്ഷണങ്ങളുടേയും ചിത്രങ്ങള്‍ സഹിതം ഇക്കാര്യം എക്സില്‍ പോസ്റ്റ് ചെയ്തത്. ഫ്ളാഗ് ഓഫ് ദിവസത്തെ ഭക്ഷണം പ്ലാസ്റ്റിക് പാത്രത്തിലാണ് നല്‍കിയത്. ചോറ്, പറാത്ത, പനീറിന്റെ ഒരു വിഭവം, പച്ചക്കറി, ദാല്‍, മധുരവിഭവം, അച്ചാര്‍ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഒപ്പം തൈരും ഉണ്ടായിരുന്നു. എന്നാല്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത് അലൂമിനിയം കണ്ടെയിനറിലാണ്. ഇതിനോടകം നിരവധി പേരാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) മോശം സമീപനത്തിനെതിരെ രംഗത്തു വന്നത്. സമാനമായ അനുഭവങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
വിഷയം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഐആര്‍സിടിസി രംഗത്തെത്തി. ഫ്ളാഗ് ഓഫ് ദിവസവും സാധാരണ സര്‍വീസ് നടത്തുന്ന ദിവസങ്ങളിലും വന്ദേഭാരത് സ്ലീപ്പറില്‍ നല്‍കിയ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഒന്നാണെന്ന് ഐആര്‍സിടിസിയുടെ വാദം. ഉദയ് ചാറ്റര്‍ജിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഐആര്‍സിടിസി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഐആര്‍സിടിസിയുടെ പോസ്റ്റിന് താഴെ ട്രെയിനിലെ ഭക്ഷണ നിലവാരത്തെ കുറിച്ച് രൂക്ഷമായ കമന്റുകളാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്.