കാൺപൂരിൽ നിന്ന് ചെറിയ സ്പീഡിൽ ഓടിത്തുടങ്ങിയ ട്രെയിൻ; അതെ വേഗതയിൽ ചാടിക്കയറാൻ ശ്രമിച്ച സ്ത്രീ; പൊടുന്നനെ യാത്രക്കാരുടെ നിലവിളി; നില തെറ്റി ട്രാക്കിലേക്ക് വീണതും സംഭവിച്ചത്; വൈറലായി വീഡിയോ
കാൺപൂർ: കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. റയിൽവേ ട്രാക്കിൽ വീണ യുവതിയെ റെയിൽവേ സംരക്ഷണ സേന (RPS) ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവം നടന്നത് അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലാണ്. ഗരീബ് രഥ് എക്സ്പ്രസ് (12593) പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് ഫറൂഖാബാദ് സ്വദേശിനിയായ മഹിമ ഗാംഗ്‌വർ എന്ന യുവതി ട്രെയിനിൽ കയറാൻ ശ്രമിച്ചത്. ചില യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചുകൊണ്ടിരുന്നതിനാൽ യുവതിക്ക് ട്രെയിനിൽ കയറാൻ സാധിച്ചില്ല. ഇതിനിടെ ട്രെയിനിന്റെ വേഗത വർദ്ധിച്ചു. ട്രെയിനിന്റെ വാതിലിന്റെ കമ്പിയിൽ പിടിച്ച് കയറാൻ ശ്രമിച്ചെങ്കിലും യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ട്രെയിൻ മുന്നോട്ട് നീങ്ങുമ്പോൾ യുവതി വീണ ഭാഗത്തേക്ക് ഓടിയെത്തിയ ഉദ്യോഗസ്ഥരും യാത്രക്കാരും കൈ നീട്ടി അവരെ പിടിച്ചുയർത്താൻ ശ്രമിച്ചു. ഇതിനിടെ ആരോ ട്രെയിനിലെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിനിന്റെ ബോഗികൾ യുവതിയെ കടന്നുപോയി മുന്നോട്ട് പോകുന്നതിനിടയിൽ, പ്ലാറ്റ്‌ഫോമിന്റെ എതിർവശത്തുകൂടി ഓടിയെത്തിയ ഉദ്യോഗസ്ഥർ യുവതിയുടെ കൈയ്യിൽ പിടിച്ച് ട്രാക്കിൽ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.
തോളിൽ വലിയ ബാഗുമായി തിടുക്കത്തിൽ ട്രെയിനിൽ കയറാൻ ശ്രമിച്ചതാണ് അപകട കാരണം. റയിൽവേയുടെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.