കഠിനമായ വയറു വേദന; യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് രണ്ട് കിലോ മുടി; മുടി തിന്നുന്ന ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയെന്ന് ഡോക്ടര്‍മാര്‍
യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് രണ്ട് കിലോ മുടി
ലഖ്‌നോ: കഠിനമായ വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും മുടി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണാണ് രണ്ട് കിലോഗ്രാം മുടി കണ്ടെത്തിയത്. കഠിനമായ വയറിവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂര്‍വ അവസ്ഥയാണിത്. 25 വര്‍ഷത്തിനിടെ ബറേലിയില്‍ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്. 16 വയസ്സ് മുതല്‍ യുവതിയെ ഈ അവസ്ഥ ബാധിച്ചിരുന്നു. വര്‍ഷങ്ങളായി വയറ്റില്‍ മുടി അടിഞ്ഞുകൂടുന്നത് തീവ്രമായ അസ്വസ്ഥതക്ക് കാരണമായി. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ആശ്വാസം കണ്ടെത്താനായില്ല. സെപ്റ്റംബര്‍ 22ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായ പരിശോധനകള്‍ക്ക് ശേഷം സീനിയര്‍ സര്‍ജന്‍ ഡോ.എം.പി.സിങ്ങിന്റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലിങ് നടത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.