ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല്‍ കഴുകിച്ചു; തെലുങ്കാന ടൂറിസം വകുപ്പിന്റെ നടപടി വിവാദത്തില്‍
ഇന്ത്യന്‍ സ്ത്രീകളെ കൊണ്ട് മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല്‍ കഴുകിച്ചു;
ഹൈദരബാദ്: തെലങ്കാനയില്‍ മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല്‍ സ്ത്രീകളെ കൊണ്ട് കഴുകിപ്പിക്കുകയും ടവ്വല്‍ കൊണ്ട് തുടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിവാദം. തെലങ്കാന ടൂറിസം വകുപ്പിന്റെ നടപടിയില്‍ സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കൊളോണിയല്‍ ഹാങ്ഓവര്‍ വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് പ്രധാന ആക്ഷേപം. അതേസമയം അതിഥിദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് സംഘാടകരുടെ വാദം.
മെയ് 31ന് ഹൈദരബാദില്‍ നടക്കുന്ന മത്സരത്തിന്റെ മുന്നോടിയായി നൂറ് രാജ്യങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ തെലങ്കാനയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസന്റ് പില്ലര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. തെലങ്കാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചതായിരുന്നു മത്സരാര്‍ഥികളുടെ ഈ ക്ഷേത്ര സന്ദര്‍ശനം. ക്ഷേത്രത്തില്‍ പ്രവേശിച്ച സമയത്ത് മത്സരാര്‍ഥികളുടെ കാല്‍ സ്ത്രീ വളന്റിയര്‍മാരെ കൊണ്ട് കഴുകിച്ചു എന്നാണ് ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
അങ്ങേയറ്റം നീചമായ നടപടിയാണിതെന്ന് ബിജെപിയും ബിആര്‍എസും ആരോപിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് ബിആര്‍എസ് അഭിപ്രായപ്പെട്ടു. ദലിത് സ്ത്രീകളെ കൊണ്ടാണ് മത്സാര്‍ഥികളുടെ കാല്‍കഴുകിച്ചതെന്നും സംസ്ഥാനത്തിന്റെ അന്തസ്സും അഭിമാനവും തകര്‍ക്കുന്നതാണ് നടപടിയെന്നും ബിആര്‍എസ് പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മനോനില വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് ബിജെപി ആരോപിച്ചു. കൊളോണിയല്‍ കാലഘട്ടത്തിന്റെ ദാസ്യവൃത്തി വ്യക്തമാക്കുന്ന ഈ പ്രവൃത്തി അങ്ങേയറ്റം അപമാനകരമാണെന്ന് ബിജെപി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി പറഞ്ഞു.