ഞാൻ ഒട്ടും വയ്യ..എന്ന് പറഞ്ഞിട്ട് പോലും കേട്ടില്ല; ആകെ തകർന്നുപോയി; ഇടയ്ക്ക് ശ്വസിക്കാനായില്ല, നിർത്താതെ കരഞ്ഞു; എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല; ദുരനുഭവം തുറന്നുപറഞ്ഞ് യുവതി
ഗുരുഗ്രാം: ഇന്ത്യയിൽ മാനസികാരോഗ്യത്തെ ഇന്നും ഒരു തമാശയായി മാത്രമേ പലരും കാണുന്നുള്ളൂവെന്ന് വെളിപ്പെടുത്തി ഒരു യുവതി. തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓഫീസിൽ തുറന്നുപറഞ്ഞപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇരുപത്തിയൊന്നുകാരി റെഡ്ഡിറ്റിൽ പങ്കുവെച്ചത്.
കഴിഞ്ഞ കുറച്ചാഴ്ചകളായി മാനസികമായി അസ്വസ്ഥതയുണ്ടെന്ന് യുവതി തന്റെ മാനേജരെ അറിയിച്ചിരുന്നെങ്കിലും, അത് വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്ന് അവർ പറയുന്നു. സഹപ്രവർത്തകരിൽ നിന്ന് യാതൊരുവിധ സഹാനുഭൂതിയും ലഭിച്ചില്ല. ഇതിനിടയിൽ, ജോലിസ്ഥലത്ത് വെച്ച് യുവതിക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും നിയന്ത്രിക്കാനാവാതെ കരയുകയും ചെയ്തു. എന്നിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.
തുടർന്ന്, ഔദ്യോഗികമായി മെയിൽ അയച്ചാണ് യുവതി തന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ചും കുറച്ച് ദിവസത്തെ അവധി ആവശ്യപ്പെട്ടതിനെക്കുറിച്ചും വിശദീകരിച്ചത്. എന്നാൽ, ഈ മെയിൽ ലഭിച്ച ശേഷം സഹപ്രവർത്തകർ തന്നെ പരിഹസിച്ച് സംസാരിക്കുന്നതായി ഒരു വിശ്വസ്ത സുഹൃത്തിൽ നിന്നാണ് യുവതി അറിയുന്നത്.
തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത് പരിഹാസത്തിനും ചിരിക്കും വക നൽകുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് യുവതി വേദനയോടെ പങ്കുവെച്ചു. ജോലിസ്ഥലത്ത് എപ്പോഴും നല്ല പെരുമാറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ച തന്നോട് ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഈ യുവതിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇന്ത്യയിൽ മാനസികാരോഗ്യത്തെ ഇപ്പോഴും പലരും നിസ്സാരമായാണ് കാണുന്നതെന്ന യുവതിയുടെ വാദത്തെ പിന്തുണച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളും ലഭിച്ചു.