പൊതുസ്ഥലങ്ങളിലും ആർ.എസ്.എസ് പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യം; മന്ത്രി പ്രിയങ്ക് ഖാർഗെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Update: 2025-10-16 16:49 GMT

ബംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ. കർണാടക-മഹാരാഷ്ട്രാ പോലീസുകളുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയായ ദാനപ്പ നരോണിനെ മഹാരാഷ്ട്രയിൽ നിന്ന് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർ.എസ്.എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകിയിരുന്നു.

ഈ കത്ത് പരസ്യമായതിന് പിന്നാലെയാണ് മന്ത്രിക്ക് ഫോണിൽ വധഭീഷണി എത്തിയത്. ദാനപ്പ നരോൺ, മന്ത്രിയെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രിയങ്ക് ഖാർഗെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു സദാശിവനഗർ പോലീസ് കേസെടുത്തിരുന്നു.

പ്രതി മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് സംഘം അയൽ സംസ്ഥാനത്തേക്ക് തിരിച്ചത്. ബംഗളൂരു സിറ്റി പോലീസും മഹാരാഷ്ട്രാ ലോക്കൽ പോലീസും കലബുറുഗി പോലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ വലയിലാക്കിയത്. മഹാരാഷ്ട്രയിലെ കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News