അര്‍ധരാത്രിയില്‍ കാമുകിയെ കാണാന്‍ വീട്ടില്‍ എത്തി; 18-കാരനെ വെടിവെച്ച് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്; പോലീസ് അറസ്റ്റ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇട്ടാവയില്‍ കാമുകിയെ കാണാനെത്തിയ 18-കാരന്‍ വെടിയേറ്റ് മരിച്ചു. ഖേദഹേലു ഗ്രാമത്തില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഔരയ്യ സ്വദേശിയായ ലവ്കുഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ വെടിവച്ച് കൊന്നത് കാമുകിയുടെ പിതാവായ അനില്‍കുമാറാണെന്ന് പോലീസ് പറഞ്ഞു.
ലവ്കുഷ് ഖേദഹേലുവില്‍ തന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ സമയം അയാളും അനില്‍കുമാറിന്റെ മകളും പ്രണയത്തിലാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി യുവാവ് പെണ്‍കുട്ടിയെ കാണാനായി അവളുടെ വീട്ടില്‍ എത്തിയതായി പോലീസ് പറഞ്ഞു. വീട്ടിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അനില്‍കുമാര്‍ തോക്കുപയോഗിച്ച് വെടിവച്ചത്.
വെടിയൊച്ച കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുകയും കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തില്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.