കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി; സേ പരീക്ഷ പൂര്‍ത്തിയാക്കാതെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപോയത് തൊടുപുഴിലേക്ക്; തൊടുപുഴയിലെ ഒരു കുളം കാണാനാണ് എത്തിയതെന്ന് കുട്ടി; കയ്യില്‍ ഉണ്ടായിരുന്നത് 60 രൂപ മാത്രം; കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി വീട്ടില്‍ വിളിച്ചിരുത്തി പോലീസിനെ അറിയിച്ചു
കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂര്‍ബാ നഗര്‍ സ്വദേശിയായ വിര്‍ഥിയെയാണ് കണ്ടെത്തിയത്. പുലര്‍ച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോ കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തൊടുപുഴയിലെ ഒരു കുളം കാണാനാണ് കുട്ടി പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കയ്യില്‍ ഉണ്ടായിരുന്നത് 60 രൂപ മാത്രമായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി കുട്ടിയെ വീട്ടില്‍ വിളിച്ചിരുത്തി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കുട്ടിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസില്‍ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആ മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയില്‍നിന്നു പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.
കൊച്ചി കടവന്ത്ര കസ്തൂര്‍ബ നഗറിലെ വീട്ടില്‍നിന്നു രാവിലെ 8 നു കുട്ടി സ്‌കൂളില്‍ സേ പരീക്ഷയെഴുതാന്‍ പോയിരുന്നു. സ്‌കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒന്‍പതരയോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുന്‍പു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചില്ല. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിയില്‍നിന്നു കുട്ടിയെ കണ്ടെത്തിയത്.