വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; 19കാരനായ അയല്‍വാസി ആണ്‍സുഹൃത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പോലീസ്

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് 18കാരി ജീവനൊടുക്കി

Update: 2025-02-04 00:45 GMT

മലപ്പുറം: മലപ്പുറം നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ പക്ഷേ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല.

നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.വീടിന് സമീപത്തുള്ള 19കാരനായ ഒരു യുവാവുമായി പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. ഇതിനിടെയാണ് 19കാരനായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നുണ്ടെന്നാണ് വിവരം. വീട്ടുകാരുടേയും അയല്‍ക്കാരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴി എടുക്കുന്നതിലേക്ക് ഉള്‍പ്പെടെ പൊലീസ് അടുത്ത ദിവസം കടക്കും. ആത്മഹത്യ ചെയ്ത മുറിയും വിശദമായി പരിശോധിക്കും.

Tags:    

Similar News