സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര്‍ വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രം

സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കരാര്‍ 25 ലക്ഷം രൂപയ്ക്ക്

Update: 2024-10-17 12:10 GMT

മുംബൈ: സല്‍മാന്‍ ഖാനെ വകവരുത്താന്‍ 25 ലക്ഷത്തിന്റെ കരാറെന്ന് മുംബൈ പൊലീസ്. മഹരാഷ്ട്രയിലെ പനവേലിലെ സല്‍മാന്റെ ഫാം ഹൗസിന് അടുത്ത് വച്ച് നടനെ വധിക്കാനായിരുന്നു കരാറെന്ന് നവി മുംബൈ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ഇതിനായി അഞ്ചുപേരടങ്ങുന്ന സംഘത്തിന് കരാര്‍ നല്‍കിയത്. എ കെ 47, എകെ 92, എം 16 എന്നീ അത്യാധുനിക ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്നു വാങ്ങാനും തുര്‍ക്കിയില്‍ നിര്‍മ്മിച്ച സിഗാനയും എത്തിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സംഘം. സിഗാന ഉപയോഗിച്ചാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത്. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെയാണ് സംഘം വാടകയ്ക്ക് എടുത്തത്. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിച്ചുകഴിയുകയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.




ഏകദേശം 60 മുതല്‍ 70 വരെ പേര്‍ സല്‍മാന്‍ ഖാനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും ബാന്ദ്രയിലെ വസതിയിലും, പന്‍വേലിലെ ഫാം ഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും സദാ നിരീക്ഷണമുണ്ട്. സല്‍മാനെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും മധ്യേയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വ്യാഴാഴ്ച ഹരിയാനയിലെ പാനിപത്തില്‍ നിന്നും അറസ്റ്റ് ചെയ് സുഖ എന്നയാള്‍ അജയ് കശ്യപ് അഥവാ എ കെ എന്ന ഷൂട്ടറെയും മറ്റുനാലുപേരെയുമാണ് കൊലയ്ക്കായി നിയോഗിച്ചിരുന്നത്. സല്‍മാന് നിലവിലുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം ദൗത്യം നിര്‍വ്വഹിക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ അത്യാവശ്യമാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയായിരുന്നു കശ്യപും കൂട്ടാളികളും.




സുഖ, പാക് ആയുധ വ്യാപാരിയായ ഡോഗറിനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് എകെ 47 അടക്കമുള്ള തോക്കുകള്‍ക്കായി കരാര്‍ ഉറപ്പിച്ചു. ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം തുക മുന്‍കൂറായി നല്‍കാമെന്നും ബാക്കി തുക ആയുധങ്ങള്‍ ഇന്ത്യയില്‍ എത്തിയ ശേഷമെന്നുമായിരുന്നു ധാരണ.

കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോക കുറ്റവാളി ഗോള്‍ഡി ബ്രാറിന്റെയും, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയുടെയും അനുമതിക്കായി കാത്തിരിക്കുകയായിരുന്നു ഷൂട്ടര്‍മാര്‍.




സല്‍മാനെ വകവരുത്തിയ ശേഷം കന്യാകുമാരിയില്‍ ഒത്തുകൂടി അവിടെ നിന്ന് ശ്രീലങ്കയിലേക്ക് ബോട്ടില്‍ കടക്കാനും അതിനുശേഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അപ്രാപ്യമായ ഒരിടത്ത് രക്ഷ നേടാനും ആയിരുന്നു പദ്ധതി. സല്‍മാന്റെ ബാന്ദ്രയിലെ വസതിക്ക് നേരേ നടന്ന വെടിവയ്പ് അന്വേഷിക്കുന്നതിനിടെയാണ് വിപുലമായ ഗൂഢാലോചന പുറത്തുവന്നത്.


അതിനിടെ, എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News