ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിഗമനത്തില്‍; യുഎപിഎ ചുമത്തി കേസെടുത്തു ഡല്‍ഹി പോലീസ്; ഉന്നമിട്ടത് ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് എന്ന് സംശയം; കാറില്‍ ഉണ്ടായിരുന്നത് മൂന്നുപേര്‍; നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍; കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിലെ അന്വേഷണം നീങ്ങുന്നത് ഭീകരപ്രവര്‍ത്തനമെന്ന നിലയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തിലെ അന്വേഷണം പുരോഗമിക്കുന്നു. നടന്നത് ഭീകരപ്രവര്‍ത്തനമാണ് എന്ന വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടന നടന്ന കാറില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തില്‍ എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവര്‍ ഡല്‍ഹി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. കേസില്‍ നിര്‍ണായ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മാസ്‌ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. മാര്‍ക്കറ്റിലേക്ക് എത്തിയിരുന്നെങ്കില്‍ അത് വന്‍ ദുരന്തത്തിന് വഴിവെച്ചേനേ. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്‌നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെയാണ് മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്‌നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാര്‍, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകളെല്ലാം പൊട്ടിത്തെറിയില്‍ തകര്‍ന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയര്‍ന്നെന്നും ഒരു കിലോമാറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാഹചര്യ തെളിവുകള്‍ ഭീകരാക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സ്ഫോടനത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായ വിലയിരുത്തല്‍ നടത്തും. എല്‍എന്‍ജെപി ആശുപത്രിയില്‍ സ്ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാന അന്വേഷണ ഏജന്‍സികള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്നും ഹ്യുണ്ടായ് ഐ20 കാറിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുമെന്നും ഷാ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ സ്‌ഫോടനമുണ്ടായതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രാഫിക് സിഗ്നലില്‍വെച്ച് ഒരു ഐ20 കാറിലാണ് സ്‌ഫോടനമുണ്ടായത്.
അടുത്തിടെ, ഡല്‍ഹിക്ക് സമീപം ഫരീദാബാദില്‍ നിന്ന് കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു. ജമ്മു കശ്മീരിലെ നൗഗാമില്‍ ഒക്ടോബര്‍ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ളതായിരുന്നു പോസ്റ്ററുകള്‍. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴ് ഭീകരര്‍ അറസ്റ്റിലായിരുന്നു. പരിശോധനയില്‍ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക നിര്‍മാണ വസ്തുക്കളും ആയുധങ്ങളും ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ നിന്ന് കണ്ടെത്തി.
