നിരന്തരം പിറകെ നടന്ന് ശല്യം ചെയ്തു; പിന്നാലെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കമ്പല്ലൂര്‍: വ്യാപാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള സഞ്ജന സ്റ്റോര്‍ ഉടമ കെ.ജി. ബിന്ദുവിന് (47) നേരെയായിരുന്നു ആസിഡ് ആക്രമണം. ആക്രമണം നടത്തിയ എം.വി. രതീഷിനെ (39) കൊല്ലാടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായാണ് പോലീസ് വിവരം.
ബുധനാഴ്ച 11 മണിയോടെയാണ് അതിക്രൂര സംഭവം നടന്നത്. പ്ലാസ്റ്റിക് പാത്രത്തില്‍ ആസിഡും കയറുമായി ബിന്ദുവിന്റെ കടയില്‍ എത്തിയ രതീഷ് കൈവശമുണ്ടായിരുന്ന ആസിഡ് മഗിലേക്ക് മാറ്റി ബിന്ദുവിന് നേരേ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ആളുകളാണ് ബിന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ ബിന്ദു. മുഖത്തും ശരീരത്തിലുമായി പൊള്ളലേറ്റ ബിന്ദുവിന്റെ നില ഗുരുതരമാണ്.
ആസിഡ് ആക്രമണത്തിന് പിന്നില്‍ ബിന്ദുവിനെ രതീഷ് പിറകെ നടന്ന് ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെതിരെയാണ് രതീഷ് ആസിഡ് ആക്രമണം നടത്തിയതെന്ന് ചിറ്റാരിക്കാല്‍ പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് കൊല്ലാടയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രതീഷ്, കമ്പല്ലൂരിലെ എം.വി. തമ്പായിയുടെയും പരേതനായ രാഘവന്റെയും മകനാണ്. സഹോദരിമാര്‍: പ്രിയയും ലതയും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.