റിയാലിറ്റി ഷോയുടെ ശമ്പളം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; വിവാഹവാഗ്ദാനം നല്‍കി വീട്ടിലേക്ക് വിളിച്ചുവരുത്തിയും പല തവണ പീഡനം; രണ്ട് തവണ അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നും സീരിയല്‍ നടിയുടെ പരാതി; സിനിമ റിലീസിന് തൊട്ടുതലേന്ന് നടന്‍ അറസ്റ്റില്‍

സിനിമ റിലീസിന് തൊട്ടുതലേന്ന് നടന്‍ അറസ്റ്റില്‍

Update: 2025-05-23 07:15 GMT

ബംഗളൂരു: സീരിയല്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കന്നഡ നടന്‍ അറസ്റ്റില്‍. പ്രശസ്ത കന്നഡ നടനും കോമഡി ഖിലാഡിഗലി സീസണ്‍ 2 വിജയിയുമായ മദേനൂര്‍ മനുവാണ് അറസ്റ്റിലായത്. ബലാത്സംഗം, വഞ്ചന, ശാരീരിക പീഡനം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്.

33 കാരിയായ നടി നല്‍കിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ 'കുലദള്ളി കീല്യവുഡോ' എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് അറസ്റ്റ്. പൊലീസില്‍ യുവതി പരാതി നല്‍കിയതിനു പിന്നാലെ മനു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഹാസന്‍ ജില്ലയിലെ സ്വന്തം നാടായ മദേനൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കന്നഡ റിയാലിറ്റി ഷോയായ 'കോമഡി ഖിലാഡിഗലു' സീസണ്‍ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മേയ് വരെയുള്ള സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

2022 നവംബര്‍ 29ന് കോമഡി ഷോയില്‍ പങ്കെടുക്കുന്നതിനിടെ ശിവമോഗയില്‍ വച്ചാണ് മനു യുവതിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് വസതിയില്‍ വച്ച് പലതവണ പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ പ്രതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭഛിദ്ര ഗുളികകള്‍ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് പരസ്യമാക്കുമെന്നും മനു യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മനു തന്നെ മര്‍ദിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

2022 നവംബറില്‍ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2018ല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കവേയാണ് നടി മനുവിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. ഷോ ചെയ്തതിന്റെ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പിന്നീട് ഇയാള്‍ തന്നെ വീട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും നടി ആരോപിക്കുന്നു.

താന്‍ രണ്ടുതവണ ഗര്‍ഭിണിയായെന്നും രണ്ട് തവണയും മനു ഗര്‍ഭഛിദ്ര ഗുളികകള്‍ നല്‍കിയെന്നും അതിജീവിത ആരോപിക്കുന്നു. തന്റെ സ്വകാര്യ വീഡിയോകള്‍ സമ്മതമില്ലാതെ പകര്‍ത്തി എന്നും, മിണ്ടാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മനുവിന്റെ പുതിയ ചിത്രത്തിന് സാമ്പത്തികമായി സഹായിച്ചതായും നടി അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News