ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!
ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍
ആലപ്പുഴ: ആലപ്പുഴയില്‍ പിതാവിനെ അഭിഭാഷകനായ മകന്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ വില്ലനായത് ലഹരി. പ്രതി നവജിത്ത് നടരാജന്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു. ഒരു യുവ അഭിഭാഷകനാണ് ഇവിടെ ക്രൂരകൃത്യം നടത്തിയതെന്നതാണ് നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കുന്നത്. അച്ഛന്റെ ദേഹത്ത് 47 തവണയാണ് വെട്ടിയത്. ലഹരിയുടെ ഉന്‍മാദത്തിലായിരുന്നു നവജിത്ത് നടരാജന്‍ കൃത്യം നിര്‍വഹിച്ചത്.
കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജനെ (62) അദ്ദേഹത്തിന്റെ മൂത്തമകന്‍ നവജിത്ത് നടരാജനാണ് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. അമ്മ സിന്ധുവിനെ (53) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്തും നെഞ്ചിനുമെല്ലാം വെട്ടേറ്റു. രണ്ടു കൈവിരലും അറ്റുപോയി.
കൊല്ലപ്പെട്ട നടരാജന്റേത് നല്ല സാമ്പത്തികഭദ്രതയുളള കുടുംബമാണ്. നേരത്തേ ഇദ്ദേഹം വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തിയശേഷം കരാറുകാരനുമായി. ബെന്‍സ് നടരാജനെന്നാണ് ഇദ്ദേഹത്തെ നാട്ടില്‍ അറിയപ്പെടുന്നത്. 1995-ല്‍ ഇയാള്‍ ബെന്‍സ് കാര്‍ സ്വന്തമാക്കിയിരുന്നു. ഇടതു വശത്ത് സ്റ്റിയറിങുളള കാര്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തത്. ഇപ്പോഴും ഇത് മൂക സാക്ഷിയായി വീടിന്റെ പോര്‍ച്ചിലുണ്ട്. 1995-ന്റെ ഓര്‍മ്മയ്ക്കായി കെഎല്‍ 4-ഇ 1995 എന്ന ഫാന്‍സി നമ്പരാണ് കാറിനായെടുത്തത്. വീടിനോട് ചേര്‍ന്നു തന്നെ ഇദ്ദേഹം കച്ചവടസ്ഥാപനം നടത്തുന്നുണ്ട്. ഇതിനോട് ചേര്‍ന്നു തന്നെ സ്വന്തമായി കടമുറികളുമുണ്ട്. കൂടാതെ, മറ്റു ഭൂസ്വത്തുക്കളും കുടുംബത്തിനുണ്ട്.
നാട്ടില്‍ പലയിടത്തും കൊല്ലം പത്തനംതിട്ട ജില്ലകളിലും ഭൂമി വാങ്ങിയിട്ടിട്ടുണ്ട്.റബര്‍ എസ്റ്റേറ്റുമുണ്ട്. ആദ്യം സ്വകാര്യ ക്‌ളിനിക്കാണ് ആരംഭിച്ചത് .പിന്നീട് മരാമത്ത് പണികളിലേക്ക് തിരിഞ്ഞു. പഞ്ചായത്ത് വര്‍ക്കുകളും പി.ഡബ്‌ളു.ഡി കരാറുകളും ചെയ്തു. വീടിന് സമീപമുള്ള കടകളില്‍ സ്റ്റേഷനറി ഹോള്‍സെയില്‍കച്ചവടം തുടങ്ങി. ബി.ഡി.ജെ.എസ് കണ്ടല്ലൂര്‍ മണ്ഡലം പ്രസിഡന്റും വേലന്‍ചിറ ജനശക്തി സ്‌കൂള്‍ ട്രസ്റ്റ് അംഗവുമായ നടരാജന്‍ വലിയ കാര്‍ക്കശ്യക്കാരനുമായിരുന്നു.
സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. അടുത്ത കാലത്തായി നവജിത്ത് രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുമായിരുന്നെന്നാണ് പോലീസും പറയുന്നത്. കൃത്യം നടത്തുമ്പോഴും അമിതമായി ഉപയോഗിച്ചിരുന്നു. പ്രതിയുടെ സഹോദരന്‍ നിധിന്‍ രാജ്, സഹോദരി നിധിമോളും ആയുര്‍വേദ ഡോക്ടര്‍മാരാണ്. നിധിന്‍ ബെംഗളൂരുവിലും നിധി ആലപ്പുഴയിലുമാണ് ജോലിചെയ്യുന്നത്. ഞായറാഴ്ച ലഹരി ഉപയോഗിച്ച ശേഷം നവജിത്ത് നിധിമോളുടെയടുക്കല്‍ എത്തിയിരുന്നു.
അസ്വഭാവികമായി പെരുമാറിയതിനാല്‍ നിധിമോളും മറ്റു ചിലരും ചേര്‍ന്നാണ് നവജിത്തിനെ വീട്ടിലെത്തിച്ചത്. അക്രമാസക്തനാകുമെന്നു കരുതി മുറിയില്‍ കയറ്റി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഇവര്‍ മടങ്ങിപ്പോയത്. പിന്നീട്, രാത്രി ഒന്‍പതേകാലോടെ അമ്മയെത്തി ഭക്ഷണം കൊടുക്കാനായി കതകു തുറന്നപ്പോഴാണ് ഇയാള്‍ വാക്കത്തിയെടുത്ത് അച്ഛനെയും അമ്മയെയും തുരുതുരാവെട്ടിയത്. വീടിന് പുറത്തേക്കുളള വാതിലുകള്‍ അടച്ചശേഷമാണ് ക്രൂരകൃത്യം നടത്തിയത്.
കഴിഞ്ഞദിവസം അഭിഭാഷകനായി തുടരുന്നതിനുളള ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ (എയ്ബ്) പരീക്ഷ നവജിത്തിനുണ്ടായിരുന്നു. എന്നാല്‍, ഈ പരീക്ഷ പ്രതി എഴുതിയില്ല. ഇതിന് അച്ഛന്‍ നടരാജന്‍ നവജിത്തിനോട് ക്ഷുഭിതനായി സംസാരിച്ചിരുന്നതായി പറയുന്നു. നേരത്തേ തന്നെ അച്ഛനും മകനുമായി സ്വരച്ചേര്‍ച്ച ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരും നല്‍കുന്ന സൂചന. മകന്റെ ലഹരി ഉപയോഗത്തെ നിരന്തരം ചോദ്യം ചെയ്തിരുന്നു. പലപ്പോഴും ധൂര്‍ത്തിനായി അച്ഛനോട് പണവും ആവശ്യപ്പെടുമായിരുന്നു.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. നടരാജന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നടക്കും.
പ്രസവത്തിനായി ഭാര്യ നവ്യയെ തിങ്കളാഴ്ച അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പികാനിരിക്കേയാണ് നവജിത്ത് ക്രൂരത കാട്ടുന്നത്. കുടുംബത്തിലേക്ക് പുതിയ ഒരാള്‍ വരുന്നതിന്റെ സന്തോഷം അങ്ങനെ ദുരന്തത്തിനും ദുഃഖത്തിനും വഴിമാറി. 11 മാസം മുന്‍പാണ് നവജിത്ത് വിവാഹിതനായത്. സഹോദരീഭര്‍ത്താവാവിന്റെ സഹോദരിയെയാണ് വിവാഹം കഴിച്ചത്.
