വിദേശത്ത് പോകാന്‍ തയ്യാറെടുത്തിരുന്ന അമീനയെ ഏറ്റവും വേദനിപ്പിച്ചത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മാനേജരുടെ ക്രൂരമായ വാക്കുകള്‍; ജീവനൊടുക്കിയത് ശനിയാഴ്ച മാനേജര്‍ ശകാരവര്‍ഷം നടത്തിയതിന് പിന്നാലെ; കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി; മാനേജര്‍ക്ക് എതിരെ പോസ്റ്ററുകള്‍; നിയമപോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍

അമീനയുടെ ദുരൂഹ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി

Update: 2025-07-14 13:48 GMT

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നഴ്‌സിംഗ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, അന്വേഷണത്തിനായി മുറവിളി. കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിംഗ് ജീവനക്കാരി എറണാകുളം കോതമംഗലം പല്ലാരിമംഗലം സ്വദേശി അമീന (20)യുടെ ദുരൂഹ മരണത്തെ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആശുപത്രി മാനേജ്‌മെന്റിന് എതിരെയാണ് പോസ്റ്ററുകളില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 12, ശനിയാഴ്ച രാത്രിയാണ് അമീന ആത്മഹത്യ ചെയ്തത്. പല്ലാരിമംഗലം പുലിക്കുന്നേപ്പടി മിഥ്‌ലാജിന്റെ മകളാണ് അമീന.

അമീന ജീവനൊടുക്കിയതിന് പിന്നില്‍, ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനമെന്നാണ് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടര വര്‍ഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമീന അമിതമായി ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകിട്ട് മൂന്നായിട്ടും ജോലിക്ക് വരാതെയിരുന്ന അമീനയെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് പോയപ്പോഴാണ് ആശുപത്രിക്ക് മുകളില്‍ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും, കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അമീനയുടെ മരണം സംഭവിക്കുന്നത്. ഈ മാസം 15ന് ആശുപത്രിയില്‍ നിന്ന് വിടുതലിന് ഒരുങ്ങിയ അമീനക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ജനറല്‍ മാനേജര്‍ കട്ടായം പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

്‌വെള്ളിയാഴ്ച വൈകിട്ടും വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്ത അമീന അതീവ സന്തോഷവതിയായിരുന്നു. കാരണം 3 ദിവസം കൂടി ഇവിടെ ജോലി ചെയ്താല്‍ മതിയെന്ന ആശ്വാസത്തിലായിരുന്നു അവള്‍. വിദേശത്ത് പോകാന്‍ പേപ്പറുകള്‍ റെഡിയാക്കി തന്റെ ആദ്യ ശമ്പളത്തില്‍, ഉമ്മയെയും ഉപ്പയേയും ഉംറ നിര്‍വഹിപ്പിക്കണമെന്ന വലിയ ആഗ്രഹത്തിലായിരുന്നു അമീന. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു ഈ യുവതി.

ജൂലായ് 16 വരെയെ താന്‍ ജോലിക്ക് ഉണ്ടാകൂ എന്ന് കാട്ടി ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. തനിക്ക് 3 വര്‍ഷത്തെ പ്രവത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മാനേജര്‍ അമീനയുടെ ജോലിയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന ഒരു പാകപ്പിഴവിന്റെ പേരില്‍ വിശദീകരണം ചോദിച്ചിരുന്നു. ശനിയാഴ്ച വിശദീകരണം നല്‍കാതെ ജോലി ചെയ്തതില്‍ രോഷാകുലനായി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് റൂമില്‍ ബോധരഹിതയായി കണ്ടെത്തിയത്. ഇതെല്ലാം സിസി ടി വിയില്‍ വ്യക്തമാണ്.

കേസിന് പോകാന്‍ പോലും കഴിയാതെ ആകെ ഞെട്ടലിലാണ് കുടുംബം.

ഒളിവില്‍ പോയ മാനേജര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. മുമ്പും ഇത്തരം നിരവധി പരാതികള്‍ വന്നിട്ടും അനങ്ങാതിരുന്ന ആശുപത്രി മാനേജ്‌മെന്റിന് ഒരു നഴ്‌സിന്റെ മരണം വേണ്ടി വന്നുകാര്യങ്ങള്‍ ബോധ്യപ്പെടാന്‍ എന്നത് ഗുരുതരമായ അനാസ്ഥയാണ്. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് ഉറച്ചിരിക്കുകയാണ് അമീനയുടെ സഹപ്രവര്‍ത്തകര്‍.

ആശുപത്രിയിലെ ജീവനക്കാരെ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നതായി ചില ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അമീനയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോയി സംസ്‌കരിച്ചു.

Tags:    

Similar News