ലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? 'വെണ്ടര്‍ ഡാനിയല്‍' ഭയത്തില്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം വ്യാജരേഖ ചമച്ച് ജവഹര്‍ നഗറിലെ നാലരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ പ്രധാന സൂത്രധാരന്‍ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെന്ന് ഉറപ്പിച്ച് അന്വേഷക സംഘം. തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ സംശയിക്കുന്നവരുടെയെല്ലാം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്. അനന്തപുരി മണികണ്ഠന്‍ തങ്ങളെ കബളിപ്പിച്ചാണ് വസ്തു ഇടപാട് നടത്തിയതെന്നും ഒന്നേകാല്‍ കോടിയോളം രൂപ നല്‍കിയെന്നുമാണ് വസ്തുവാങ്ങിയ ചന്ദ്രസേനന്‍ പറയുന്നത്. എന്നാല്‍ ഈ മൊഴിയില്‍ ഏറെ ദുരൂഹതകള്‍ ഉണ്ട്. വെണ്ടര്‍ ഡാനിയല്‍ എന്ന പേരിലാണ് മണികണ്ഠന്‍ അറിയപ്പെടുന്നത്.
തിരുവനന്തപുരത്തെ ഡിസിസി ഭാരവാഹിയാണ് മണികണ്ഠന്‍. വിവാദം ആളി കത്തിയിട്ടും ഇയാളെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പല നേതാക്കളുടെ ബിനാമി ആധാരങ്ങള്‍ എഴുതിയ വ്യക്തിയാണ് മണികണ്ഠന്‍ എന്ന് സൂചനയുണ്ട്. ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രമുള്ള മണികണ്ഠന്‍ വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും താന്‍ മേയറാകുമെന്നു പോലും വീമ്പു പറഞ്ഞു. അത്തരത്തിലൊരു നേതാവാണ് ആധാര തട്ടിപ്പില്‍ കുടുങ്ങുന്നത്. എന്നിട്ടും കോണ്‍ഗ്രസ് ഇയാളെ പുറത്താക്കാത്തത് ആശ്ചര്യമായി മാറിയിട്ടുണ്ട്.
മണികണ്ഠനും ചന്ദ്രസേനനും അടുത്ത സുഹൃത്തുക്കളാണെന്നാണ് സൂചന. പണം നല്‍കിയ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ചന്ദ്രസേനന്‍ നല്‍കിയിട്ടില്ല. രേഖകളെല്ലാം മരുമകന്‍ അനില്‍ തമ്പിയുടെ കൈവശമാണെന്നും വസ്തു ഇടപാടില്‍ പങ്കില്ലെന്നുമാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളുടെ മൊഴി. അനില്‍ തമ്പിയും പണമിടപാടിന്റെ രേഖകള്‍ കൈമാറിയിട്ടില്ല. നാലരക്കോടിയോളം വിലയുള്ള വസ്തു ഒന്നരക്കോടിക്ക് വാങ്ങിയെന്നതിലും ദുരൂഹതയുണ്ട്. ജവഹര്‍ നഗറിലെ വീടും സ്ഥലവും അനില്‍ തമ്പിയുടെ ഫ്‌ലാറ്റിന് സമീപമാണ്. ഈ വീടിന്റെ യഥാര്‍ഥ ഉടമയെ അറിയില്ലായിരുന്നെന്ന് അനില്‍ തമ്പി പറഞ്ഞതും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അങ്ങനെ അടിമുടി സംശയാസ്പദമാണ് വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസിലെ ഉന്നതബന്ധം ഉപയോഗിച്ച് അനന്തപുരി മണികണ്ഠന്‍ അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ചന്ദ്രസേനന്റെ മകളുടെ ഭര്‍ത്താവും വ്യവസായിയുമായ അനില്‍ തമ്പിക്കും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. മണികണ്ഠന്റെ ജാമ്യാപേക്ഷ കോടതി ഒരാഴ്ച മുമ്പ് തള്ളിയിരുന്നു. ഒളിവില്‍ പോയ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് മ്യൂസിയം പൊലീസ്. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മണികണ്ഠന്‍. ചൊവ്വാഴ്ച മണികണ്ഠന്റെ സഹോദരന്‍ ആറ്റുകാല്‍ പുത്തന്‍കോട്ട ശിവക്ഷേത്രത്തിന് സമീപം ഗണപതി ഭദ്ര വീട്ടില്‍ സി എ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണിക്ണഠനും മഹേഷും ചേര്‍ന്നാണ് ആധാരം എഴുത്ത് ഓഫീസ് നടത്തുന്നത്. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാമ്പ് എടുത്തതും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ അനുജന്റെ ലൈസന്‍സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും വളര്‍ത്തുമകളെന്ന വ്യാജേന പ്രതിയായ മെറിന്‍ ജോസഫിന്റെ പേരില്‍ ധനനിശ്ചയംചെയ്ത് ആധാരം തയ്യാറാക്കിയതും അഭിഭാഷകനായ വൈ കോണ്‍സ്റ്റന്റൈനാണ്.
ലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാനാണ് മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കിയതെന്നാണ് സൂചന. വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്തത് മഹേഷിന്റെ ലൈസന്‍സ്ഡ് അക്കൗണ്ടില്‍ നിന്നാണെന്നു കണ്ടെത്തിയതായി മ്യൂസിയം പൊലീസ് പറഞ്ഞു. ആധാരം റജിസ്റ്റര്‍ ചെയ്യാനായി ഇ സ്റ്റാംപ് ജനറേറ്റ് ചെയ്തു റജിസട്രേഷന്‍ ഫീസ് അടയ്ക്കണം. ലൈസന്‍സുള്ള ആധാരം എഴുത്തുകാര്‍ക്ക് ഇതിനായി റജിസ്‌ട്രേഷന്‍ വകുപ്പ് യൂസര്‍ ഐഡിയും പാസ്വേഡും അനുവദിച്ചിട്ടുണ്ട്.
ഈ ഐഡി തട്ടിപ്പിന് ഉപയോഗിച്ചതാണ് പൊലീസ് കണ്ടെത്തിയത്. യുഎസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ വീടും വസ്തുവും വളര്‍ത്തു മകളെന്ന മട്ടില്‍ കൊല്ലം സ്വദേശി മെറിന്‍, അനന്തപുരി മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തെന്നാണ് കേസ്. ഡോറയുടെ വളര്‍ത്തു മകളാണ് മെറിന്‍ എന്ന് വരുത്തിയാണ് പ്രമാണം നടത്തിയത്. ഇതിനായി മുന്നാധാരം അടക്കം വ്യാജപ്രമാണങ്ങളും വ്യാജ തിരിച്ചറിയല്‍ രേഖകളും സൃഷ്ടിച്ചു. മെറിന്‍ പിന്നീട് ചന്ദ്രസേനന്‍ എന്ന ആള്‍ക്ക് ഈ വീട് വസ്തു വിലയാധാരം എഴുതി കൊടുക്കുകയും ചെയ്തു.
വ്യാജ പ്രമാണത്തില്‍ സാക്ഷിയായി ഒപ്പുവച്ചതും അയല്‍ക്കാരെ ഭീഷണിപ്പെടുത്തി വീട് കൈയേറിയതും അനില്‍ തമ്പിയാണ്. ജവഹര്‍ നഗറിലുള്ള ഫ്‌ലാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. കേസിലെ ഒന്നാം പ്രതി പുനലൂര്‍ ചണ്ണപ്പേട്ട മണക്കാട് പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ് (27), രണ്ടാം പ്രതി വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട് വീട്ടില്‍ വസന്ത (75) എന്നിവരെ ബന്ധപ്പെട്ടതും ഇവരുടെ വ്യാജരേഖകള്‍ നിര്‍മിച്ചതും മണികണ്ഠനാണ്. ആള്‍മാറാട്ടത്തിന് പണം ലഭിച്ചെന്നും മണികണ്ഠന്‍ പറഞ്ഞതനുസരിച്ച് ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നുമാണ് ഇവരുടെ മൊഴി.