മൂന്നുവയസുമുതല്‍ താന്‍ വീടിന് അടുത്തുളളയാളുടെ ലൈംഗിക ചൂഷണത്തിന് ഇരയായി; പല സ്ഥലത്ത് നിന്നും ചൂഷണം നേരിടേണ്ടി വന്നു; ഇത്രയും നാള്‍ ജീവിച്ചിരുന്നത് അമ്മയോടും പെങ്ങളോടും ഉള്ള സ്‌നേഹം കൊണ്ട്; തന്നെ ചൂഷണം ചെയ്ത ആള്‍ ഇപ്പോള്‍ കുടുംബസമേതം മാന്യനായി ജീവിക്കുന്നു; ആളുടെ പേരുവെളിപ്പെടുത്തി അനന്തു അജിയുടെ മരണമൊഴി എന്ന പേരില്‍ ഇന്‍സ്റ്റ പോസ്റ്റ്

അനന്തു അജിയുടെ മരണമൊഴി എന്ന പേരില്‍ ഇന്‍സ്റ്റ് പോസ്റ്റ്

Update: 2025-10-15 15:19 GMT

കോട്ടയം: കോട്ടയം സ്വദേശിയായ അനന്തു അജിയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെ, യുവാവിന്റെ മരണമൊഴി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്തുവന്നു. മൂന്നുവയസുമുതല്‍ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് അനന്തു അജി വീഡിയോയില്‍ പറയുന്നു. ഗുരുതര ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതല്‍ വീടിനടുത്തുള്ള ഒരാള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആള്‍ ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

അന്ന് അറിയില്ലായിരുന്നു ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന്. അമ്മയോടും പെങ്ങളോടും ഉള്ള സ്‌നേഹം കൊണ്ടാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. പക്ഷേ അവര്‍ക്ക് നല്ല മകനോ സഹോദരനോ ആകാന്‍ എനിക്ക് പറ്റിയില്ല. പല സ്ഥലത്തുനിന്ന് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ആര്‍എസ്എസുകാരോട് ഇടപെടരുത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. ആര്‍എസ്എസ് ക്യാമ്പുകളില്‍ ശാരീരികവും മാനസികവും ലൈംഗികവുമായി ചൂഷണം ചെയ്യുകയാണ്. അതിനുള്ള തെളിവുകള്‍ ഇപ്പോള്‍ ഹാജരാക്കാനില്ല. ലൈംഗികമായി ചൂഷണം ചെയ്തത് നിതീഷ് മുരളീധരന്‍ എന്നയാളാണ്. നിതീഷ് മുരളീധരന്‍ തുടര്‍ച്ചയായി ചൂഷണം ചെയ്തുവെന്നും വീഡിയോയില്‍ പറയുന്നു.

ഇപ്പോള്‍ ഈ വ്യക്തി കുടുംബസമേതം ജീവിക്കുകയാണെന്നും അനന്തു വെളിപ്പെടുത്തി. ആര്‍എസ്എസ് ക്യാമ്പുകളില്‍ ടോര്‍ച്ചറിംഗ് ആണ് നടക്കുന്നതെന്നും, പ്രതി നാട്ടില്‍ നല്ല പേരുപറഞ്ഞു നടക്കുന്ന സജീവ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചെന്നും, ഇതിന്റെ ഫലമായി ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD) പാനിക് അറ്റാക്ക് എന്നിവയുണ്ടായെന്നും അനന്തു കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍

ഇന്ന് സെപ്റ്റംബര്‍ പതിനാല്. സമയം 10.26. ഞാന്‍ വന്നിരിക്കുന്നത് മരണമൊഴിയുമായാണ്. ഞാന്‍ എന്തിനായിരിക്കും ജീവിതം അവസാപ്പിക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതിന് ഉത്തരമാണ് ഈ വീഡിയോ. ഞാന്‍ ഒരു ഇന്ററോവേര്‍ട്ടാണ്. ഒതുങ്ങി ജീവിക്കുന്ന ടൈപ്പാണ്. ഞാന്‍ പറയാന്‍ പോകുന്നത് ജീവിതത്തെ കുറിച്ചാണ്. ഞാന്‍ ഒരു ഒസിഡി രോഗിയാണ്. ആറ് മാസമായി ഗുളിക കഴിക്കുന്നു. ഏഴ് കൂട്ടം ഗുളികളുണ്ട്. ഗുളികകള്‍ കാരണം ആണ് ജീവിച്ചിരിക്കുന്നത്. എന്റെ ജീവിതം കുറച്ച് കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. ഞാന്‍ ഒരു ഇരയാണ്. മൂന്ന് നാല് വയസ് മുതല്‍ ഞാന്‍ തുടരെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതാണ് ഒസിഡിക്ക് കാരണം. ഞാന്‍ നേരിട്ടത് അബ്യൂസ് ആണെന്ന് മനസിലായത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.

എന്നെ അബ്യൂസ് ചെയ്ത ആള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അവന് ഒന്നും അറിയേണ്ട. ഒസിഡി വന്ന ആളുടെ മനസ് എങ്ങനെയാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല. മൂന്ന് വയസ് മുതല്‍ ഞാന്‍ പീഡനത്തിരയായി വന്നു. പുറത്ത് പറയാന്‍ പേടിയായിരുന്നു. ആളുകള്‍ തെളിവുണ്ടോ എന്ന് ചോദിക്കും. തെളിവില്ല. എനിക്ക് അമ്മയും സഹോദരിയുമാണ് എല്ലാം. അവര്‍ കാരണമാണ് ഇത്രയും നാള്‍ ജീവിച്ചിരുന്നത്. ഇതുപോലെയൊരു അമ്മയേയും സഹോദരയേയും ലഭിക്കാന്‍ പുണ്യം ചെയ്യണം. എനിക്ക് ഒരു നല്ല മകനോ ചേട്ടനോ ആകാന്‍ കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്ന് ഞാന്‍ പീഡനത്തിനിരയായി. ആണുങ്ങളാണ് പീഡിപ്പിച്ചത്. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും ഇടപഴകരുതാത്ത ചില ആളുകളുണ്ട്. അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാംപുകളില്‍ ഭയങ്കര മോശമായ സാഹചര്യമാണുള്ളത്. ടോര്‍ച്ചറാണ് അവിടെ നടക്കുന്നത്. മെന്റലി, ഫിസിക്കലി, സെക്ഷ്വലി അവര്‍ അബ്യൂസ് ചെയ്യും. കുട്ടികളെയാണ് പീഡിപ്പിക്കുന്നത്. ഫിസിക്കലിയും അബ്യൂസ് ചെയ്യും. പലതും ചെയ്യും. തെളിവ് ചോദിച്ചാല്‍ നല്‍കാന്‍ ഇല്ല. ഇത്ര വര്‍ഷം കഴിഞ്ഞാല്‍ എവിടെ തെളിവ്. ലൈഫില്‍ ഒരിക്കലും ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. പലര്‍ക്കും എന്റേതിന് സമാനമായ അനുഭവം നേരിടേണ്ടിവന്നു. ആരും തുറന്നുപറയാത്തതാണ്. എന്നെ പീഡിപ്പിച്ച ആള്‍ നിധീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. ലൈഫ് ലോങ് പീഡിപ്പിക്കുന്നവര്‍ക്ക് പീഡിപ്പിച്ച് പോയാല്‍ മതി. അത് ജീവിതകാലം മുഴുവന്‍ അനുഭവിക്കണം. ഞാന്‍ ഒരു വിധത്തിലാണ് ജീവിച്ചുപോകുന്നത്. ജീവിക്കാന്‍ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു.

സെപ്റ്റംബര്‍ 14 നാണ് തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്തു സജി, ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്. അനന്തു സജിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിതീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞുകിടക്കുകയാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായിട്ടുണ്ട്.

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ്

കോട്ടയം സ്വദേശിയായ അനന്തു അജിയുടെ അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള കോട്ടയം വിഭാഗം ആവശ്യപ്പെട്ടിരുന്നു, ഇന്‍സ്റ്റഗ്രാമിലും മറ്റുചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട അനന്തുവിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ചും അന്വേഷിക്കണം. അനന്തുവിന്റെ മരണത്തിലേക്ക് നയിച്ചതായി പറയുന്ന കുറിപ്പില്‍ സംഘത്തിന് എതിരെ സംശയകരവും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണുളളത്.

കണിശവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. സ്വതന്ത്രമായ അന്വേഷണത്തിലൂടെ അനന്തുവിന്റെ അസ്വാഭാവിക മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അറിയാനും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ആര്‍എസ്എസിന്റെ നിരപരാധിത്വം തെളിയിക്കാനും കഴിയുമെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള സഹപ്രാന്ത കാര്യവാഹ് കെ ബി ശ്രീകുമാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

അനന്തുവിന്റെ കുടുംബം വര്‍ഷങ്ങളായി ആര്‍എസ്എസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണെന്നും യുവാവിന്റെ അച്ഛന്‍ അജി കാര്യകര്‍ത്ത ആയിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഈ ദു;ഖകരവും ദൗര്‍ഭാഗ്യകരവുമായ സംഭവത്തില്‍ ആര്‍എസ്എസ് കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കി.

തമ്പാനൂര്‍ പൊലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചു. കുട്ടിക്കാലത്ത് വീടിനു സമീപത്തെ ആര്‍എസ്എസ് ശാഖയില്‍ വച്ച് നിരന്തരമായി ലൈംഗിക ചൂഷണം നേരിട്ടെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.ആര്‍എസ്എസ് താലൂക്ക് ഭാരവാഹിയായിരുന്നു യുവാവിന്റെ അച്ഛന്‍. ഇദ്ദേഹം 2019ല്‍ വാഹനാപകടത്തില്‍ മരിച്ചു. യുവാവിന്റെ മരണമൊഴിയായി വിശ്വസിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്, പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. പിതാവിന്റെ ശാഖയിലാണ് യുവാവ് ബാല്യകാലം മുതല്‍ ഉണ്ടായിരുന്നതെന്നും, പോസ്റ്റിലെ ആക്ഷേപങ്ങള്‍ അവിശ്വസനീയമെന്നുമാണ് അവര്‍ സമൂഹമാധ്യമത്തില്‍ വിശദീകരിച്ചത്. യുവാവിന്റെ ഐഡിയില്‍ മറ്റാരെങ്കിലും പോസ്റ്റിടാനുള്ള സാധ്യത അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.

മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍ നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തില്‍ ആയി. അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. ആര്‍എസ്എസില്‍ ഇരകള്‍ വേറെയുമുണ്ട്. സംഘടനയില്‍ നിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് തുറന്നുപറയാന്‍ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പില്‍ പറയുന്നു.

പിതാവാണ് ആര്‍എസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കള്‍ കുട്ടികളെ സ്‌നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയാറാകണമെന്നും കുറിപ്പിലുണ്ടായിരുന്നു.

Tags:    

Similar News