കാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്; വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്
വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കാളറെ പൊക്കി പോലീസ്
പത്തനംതിട്ട: പ്രേമനൈരാശ്യത്തിന്റെ പേരില്‍ കള്ളടിച്ച് പൂസായ യുവാവ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്. പാഞ്ഞെത്തിയ പോലീസും ഡോഗ്സ്‌ക്വാഡും സ്റ്റാന്‍ഡ് മുഴുവന്‍ അരിച്ചു പെറുക്കി. പിന്നാലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞ നമ്പര്‍ ട്രെയ്സ് ചെയ്ത് വിവരം നല്‍കിയ ആളെയും പൊക്കി.
ചിറ്റാര്‍ സീതത്തോട് വെട്ടുവേലില്‍ സിനു തോമസി(28)നെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പത്തനംതിട്ട ടൗണിലെ ബാറില്‍ നിന്ന് മദ്യപിച്ച് ലക്കുകെട്ടാണ് കണ്‍ട്രോള്‍ റൂം നമ്പരായ 112 ലേക്ക് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്.
ഭീഷണി ബോംബിന്റെ പേരില്‍ ആയതിനാല്‍ ഉടന്‍ തന്നെ ഡിവൈ.എസ്.പി എസ്. അഷാദ്, എസ്എച്ച്ഓയുടെ ചുമതലയുള്ള മലയാലപ്പുഴ ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്റ്റാന്‍ഡ് അരിച്ചു പെറുക്കി പരിശോധന നടത്തി. വിവരം വ്യാജമാണെന്ന് വന്നതോടെ വിളിച്ചു പറഞ്ഞ് നമ്പര്‍ ട്രേയ്സ് ചെയ്ത അന്വേഷണം തുടങ്ങി. ടൗണില്‍ തന്നെയുണ്ടായിരുന്ന സിനുവിനെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു.
ഇയാള്‍ മദ്യലഹരിയിലായിരുന്നു. കാമുകി തേച്ചതിന്റെ വിഷമത്തിലാണ് മദ്യപിച്ചത്. മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ തോന്നിയ കുസൃതിയായിരുന്നു ബോംബ് ഭീഷണി. സിബിക്കെതിരേ കേസ് എടുത്തു. ബന്ധുക്കളെ വിളിച്ചു വരുത്തി ജാമ്യത്തില്‍ വിട്ടയച്ചു.