വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ ബന്ധത്തിൽ വീട്ടുക്കാർക്ക് എതിർപ്പ്; കമിതാക്കളെ കൈ കാലുകൾ കെട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ നദീ തീരത്ത് കുഴിച്ചുമൂടി; യുവതിയുടെ സഹോദരന്മാർ അറസ്റ്റിൽ; ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല
മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കമിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 27 വയസ്സുകാരനായ മുസ്‌ലിം യുവാവ് അർമാനെയും 22 വയസ്സുകാരിയായ ഹിന്ദു യുവതി കാജലിനെയും കൈകാലുകൾ കെട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നു. യുവതിയുടെ സഹോദരങ്ങളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട അർമാനും കാജലും തമ്മിൽ പ്രണയത്തിലായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇവരുടെ ബന്ധത്തെ കാജലിന്റെ സഹോദരങ്ങൾ ശക്തമായി എതിർക്കുകയും, ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി അർമാനെയും കാജലിനെയും കാണാനില്ലായിരുന്നു. അർമാന്റെ പിതാവ് ഹനീഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാജലിനെയും കാണാതായതായി കണ്ടെത്തി. സംശയത്തിന്റെ അടിസ്ഥാനത്തിൽ കാജലിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. രണ്ടുപേരെയും തങ്ങൾ കൊലപ്പെടുത്തിയതായി സഹോദരങ്ങൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് പ്രതികൾ കാണിച്ചുകൊടുത്ത നദീതീരത്ത് നിന്ന് ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തു. എൻ.ഡി.ടി.വി.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കാജലിന്റെ മൂന്ന് സഹോദരങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇതിൽ രണ്ടുപേരെയാണ് നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സത്പാൽ ആന്റിൽ അറിയിച്ചു. നാല് വർഷത്തോളം സൗദിയിലായിരുന്ന അർമാന്റെ പ്രണയബന്ധത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് സഹോദരി പ്രതികരിച്ചു.