കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി; ലഹരി സ്ഥിരമായതോടെ അക്രമാസക്തനായി, വീട്ടിലെ സാധനങ്ങൾ എറിഞ്ഞുടച്ചു; പതിനാലു വയസ്സുകാരനെ ലഹരിക്കടിമയാക്കിയ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

Update: 2025-08-10 11:53 GMT

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിർബന്ധപൂർവ്വം ലഹരിക്ക് അടിമയാക്കിയെന്ന പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടർ ആണ് കൊച്ചി നോർത്ത് പോലീസിന്റെ പിടിയിലായത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിട്ടുള്ളത്.

ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. ഡിസംബർ 24ന് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി ആദ്യമായി കുട്ടിക്ക് മദ്യം നൽകിയത്. പിന്നീട്, കുട്ടിയുടെ ജന്മദിനമായ ജനുവരി 4ന്, ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടിൽ പ്രബിൻ നിത്യസന്ദർശകനായിരുന്നു.

പ്രബിൻ സ്ഥിരമായി ലഹരി കൊടുത്തു തുടങ്ങിയതോടെ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി. കുട്ടി അക്രമാസക്തനാവുകയും വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടയ്ക്കുകയും ചെയ്തു. നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചതോടെ ചുമ നിര്‍ത്താന്‍ പറ്റാതായി. പിറന്നാള്‍ദിവസം വീട്ടിലെത്തിയ കൂട്ടുകാരന്‍ മറന്നുവച്ച മൊബൈല്‍ ഫോണെടുക്കാന്‍ വന്നപ്പോള്‍ ചുമയ്ക്കുന്നതുകണ്ടു. അതേക്കുറിച്ച് പിറ്റേന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരനോടാണ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞത്. സുഹൃത്ത് ഇത് കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.

അതേസമയം ഒരു തവണ ലഹരിവാങ്ങാനും തന്നെ ഉപയോഗിച്ചുവെന്ന് കുട്ടി പറയുന്നു. ഇരുചക്രവാഹനത്തില്‍ വരാപ്പുഴയിലെത്തിച്ച് അവിടെനിന്ന് വാങ്ങിയ പൊതി തിരികെ വീടുവരെ സൂക്ഷിക്കാന്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.

Tags:    

Similar News