'അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി'; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍

അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍

Update: 2025-07-21 02:43 GMT

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്. മദ്യപാനിയും കടുത്ത സംശയരോഗിയുമാണ് സതീഷെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. നാട്ടിലായാലും ഗള്‍ഫിലായാലും ഇയാള്‍ മദ്യലഹരിലായിരുന്നു നടത്തം. നാട്ടില്‍ ഗുണ്ടകളുമായി അടക്കം കണക്ഷന്‍ സതീഷിന് ഉണ്ടായിരുന്നു.

പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തിയ ചരിത്രമുണ്ട് ഇയാള്‍ക്ക്. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

'പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ കഴിയുന്ന സമയത്ത്, വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ വന്ന സമയത്ത്, ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോള്‍ സതീഷും കൂട്ടുകാരും മതില്‍ ചാടുന്ന സന്ദര്‍ഭമാണ് കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഞാന്‍ സ്റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാന്‍ കാലത്ത് മതില്‍ ചാടി വരുന്നതിന്റെ അര്‍ഥം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. നി ഇവിടത്തെ മരുമകന്‍ ആണ്. പക്ഷേ ഇവന്‍മാരോ'- അയല്‍വാസി മാധ്യമങ്ങളോട് പറഞ്ഞു.

ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് പ്രശ്നം ഉണ്ടാക്കിയിരുന്നു. ഓഫീസില്‍ നിന്ന് പലതവണ താക്കീത് ലഭിച്ചതായും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ്. മദ്യപിച്ച് ക്യാമ്പിലോക്കെ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി എത്താറുണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒപ്പം ജോലി ചെയ്തയാള്‍ പറയുന്നു. നിരവധി പ്രശ്നങ്ങളെ നേരിട്ട അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതുല്യ ജീവനൊടുക്കിയത് 11 വര്‍ഷം അനുഭവിച്ച കൊടിയ പീഡനങ്ങളെ തുടര്‍ന്നാണെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒട്ടേറെയുണ്ട്. ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി.

സതീഷ് മര്‍ദിച്ചതിന്റെ പാടും കസേരയെടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കത്തിപിടിച്ചു നില്‍ക്കുന്ന ഇയാള്‍ ആക്രോശിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയ സതീഷ്, താന്‍ അതുല്യയെ മര്‍ദിക്കാറുണ്ടെന്ന് മാധ്യമങ്ങളോട് സമ്മതിച്ചു. ഉപദ്രവം ബുദ്ധിമുട്ടാണെങ്കില്‍ അവള്‍ എന്നെ വിട്ടുപോകുമായിരുന്നില്ലേയെന്നാണ് അയാളുടെ ചോദ്യം.

ജോലിക്ക് പോകുമ്പോള്‍ അതുല്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് താക്കോലുമായാണ് സതീഷ് പോകാറുള്ളതെന്ന് അതുല്യയുടെ അമ്മ തുളസീഭായി പറഞ്ഞു. വീടു പൂട്ടിപ്പോയാലും തിരികെ എത്തുമ്പോള്‍ വീടും ഫോണുമെല്ലാം പരിശോധിക്കും. കല്യാണനിശ്ചയത്തിനു ശേഷമാണ് സ്വഭാവം മനസ്സിലായത്. എപ്പോള്‍ ഫോണ്‍ വിളിച്ചാലും എടുക്കണമെന്ന് പറഞ്ഞ് അന്നേ നിബന്ധനകള്‍ വെച്ചിരുന്നു. നിശ്ചയത്തിനുശേഷം പലവട്ടം വിവാഹം വേണ്ടെന്നുെവച്ച് മോതിരം ഊരി നല്‍കിയിരുന്നു. അപ്പോഴൊക്കെ സതീഷിന്റെ അമ്മ വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി കരഞ്ഞാണ് കല്യാണം നടത്തിയതെന്നും തുളസീഭായ് പറഞ്ഞു.

ശാസ്താംകോട്ടയിലെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് ശാന്തനായിരുന്നു സതീഷെന്ന് സഹപാഠികള്‍ പറയുന്നു. പ്രായമായശേഷമാണ് മദ്യപാനം തുടങ്ങിയത്. ഗള്‍ഫില്‍ പോയശേഷം മദ്യപിച്ച് ദിവസങ്ങളോളം ജോലിക്ക് ഹാജരാകാതിരുന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പില്‍ മദ്യപിച്ച് വലിയ പ്രശ്നം ഉണ്ടാക്കിയതായി ഗള്‍ഫിലെ മലയാളി വ്യവസായിയുടെ കമ്പനിയില്‍ ഒപ്പമുണ്ടായിരുന്ന തെക്കുംഭാഗം സ്വദേശി പറഞ്ഞു. മദ്യപിച്ച് ഭ്രാന്തനെപ്പോലെ അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനശേഷം ശാസ്താംകോട്ടയിലെ കുടുംബവീട് തന്റെപേരില്‍ എഴുതിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരമായി പ്രശ്നമുണ്ടാക്കി. സ്വന്തം അമ്മയുമായി നാലുവര്‍ഷമായി സംസാരിച്ചിട്ടില്ലെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം.

മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാം സഹിക്കുകയായിരുന്നെന്നും അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള പറഞ്ഞു. സതീഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു. സ്ത്രീധനത്തിന്റെപേരിലും ക്രൂരമായി ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേര്‍പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, കൗണ്‍സലിങ്ങിനുശേഷം ഒന്നിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News