പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന എപ്പോഴും ഫോണില്‍ സംസാരം; തര്‍ക്കം മൂത്തപ്പോള്‍ കലി കയറി; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ 'ദൃശ്യം മോഡലില്‍' ഭാര്യയെ കൊലപ്പെടുത്തിയത് ഒരിക്കലും പിടികൂടില്ലെന്ന ആത്മവിശ്വാസത്തില്‍; ഒക്ടോബര്‍ 14ന് ഭാര്യക്കൊപ്പം നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളില്‍ മടങ്ങിപ്പോകുന്നത് സോണി മാത്രം; ചുരുളഴിഞ്ഞത് ഇങ്ങനെ

അയര്‍ക്കുന്നം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

Update: 2025-10-19 13:30 GMT

കോട്ടയം: അയര്‍കുന്നത്ത് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ അല്‍പ്പനയെ(30) ഭര്‍ത്താവ് സോണി കൊലപ്പെടുത്തിയത് ഒരിക്കലും പിടികൂടില്ലെന്ന ആത്മവിശ്വാസത്തിലെന്ന് സംശയിച്ച് പൊലീസ്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സോണി മണ്ണ് നിരപ്പാക്കുന്ന പണിയെടുത്തിരുന്നു. ഈ സ്ഥലം വിജനമാണെന്ന് ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. ഈ വസ്തുത പൂര്‍ണ്ണമായി മനസ്സിലാക്കിയാണ് സോണി ഭാര്യ അല്‍പ്പനയുടെ മൃതദേഹം ഇവിടെ മറവു ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

ഒക്ടോബര്‍ 14-നാണ് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് മൂര്‍ഷിദാബാദ് സ്വദേശിയായ സോണി അയര്‍കുന്നം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേ ദിവസം രാവിലെ ഇയാള്‍ ഭാര്യയുമൊത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇയാള്‍ മാത്രമാണ് പിന്നീട് മടങ്ങിപ്പോയത്. ഇത് പോലീസിന്റെ സംശയത്തിന് ബലമേകി.

തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ആദ്യം സഹകരിച്ചില്ല. ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്. ഇളപ്പുങ്കല്‍ ജംഗ്ഷന് സമീപം നിര്‍മാണത്തിലിരിക്കുന്ന ഒരു വീടിന്റെ പറമ്പിലെ മണ്ണ് നിരപ്പാക്കിയ സ്ഥലത്താണ് അല്‍പ്പനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

പോലീസ് അന്വേഷണവുമായി സഹകരിക്കാതെ, മക്കളോടൊപ്പം ട്രെയിനില്‍ നാട്ടിലേക്ക് പോകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഈ വിവരം ലഭിച്ച പോലീസ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്ന് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തെ ചൊല്ലി തര്‍ക്കം

സോണി അല്‍പ്പനയെ കൊലപ്പെടുത്തിയത് മറ്റൊരാളുമായിട്ടുള്ള ബന്ധത്തിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

പ്രകാശ് മണ്ഡല്‍ എന്നയാളുമായി അല്‍പ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത് സോണിക്ക് അലോസരമുണ്ടാക്കിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായി. കൊലപാതകം നടന്നുവെന്ന് കരുതുന്ന 14-ാം തീയതിയുടെ തലേദിവസവും ഇത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടന്നിരുന്നു. നിര്‍മ്മാണ ജോലിക്കായി ദമ്പതികള്‍ അയര്‍ക്കുന്നത്ത് താമസിച്ച് വരികയായിരുന്നു.

കൊലപാതകം നടത്താന്‍ പ്രതി കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. 14-ാം തീയതി രാവിലെ 7 മണിയോടെ, അത്യാവശ്യ ജോലിയുണ്ടെന്നും നേരത്തെ എത്തണമെന്നും പറഞ്ഞ് സോണി അല്‍പ്പനയെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചു. അവിടെയെത്തിയ ശേഷം ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും രൂക്ഷമായി. തുടര്‍ന്ന് ഭാര്യയെ മതിലിലിടിപ്പിച്ച് താഴെ തള്ളിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാനായി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്ത് തന്നെ കുഴിച്ചിടുകയും ചെയ്തു.

മൃതദേഹം കണ്ടെത്തി

ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ പോലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പുറത്തേക്ക് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

നിര്‍മാണ തൊഴിലാളിയായ സോണി കഴിഞ്ഞ 14-നാണ് ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല. ഇതിനിടയില്‍, ഇയാള്‍ തന്റെ ചെറിയ കുട്ടികളുമായി ട്രെയിനില്‍ നാട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പോലീസ് ആര്‍.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സോണി 17-ാം തീയതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് കേസിന്റെ ചുരുളഴിയാതിരിക്കാനുള്ള 'ദൃശ്യം' മോഡല്‍ തന്ത്രമായിരുന്നു. സോണിയുടെ മൊഴികളിലെ വൈരുദ്ധ്യം കാരണം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

സോണി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും യാത്രയിലായിരിക്കുകയും ചെയ്തതോടെ പൊലീസിന് സംശയം വര്‍ധിച്ചു. ഇയാള്‍ കുട്ടികളുമായി പശ്ചിമബംഗാളിലേക്ക് കടക്കാന്‍ ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചു. എറണാകുളത്ത് വെച്ച് റെയില്‍വേ പൊലീസാണ് സോണിയെ പിടികൂടി അയര്‍ക്കുന്നം പൊലീസിന് കൈമാറിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ്, കോട്ടയം ഡിവൈഎസ്പി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് തുടരുകയാണ്.

Tags:    

Similar News