പെരുമ്പളത്ത് ആദ്യ ഭാര്യ; മുരിങ്ങൂരിലെ ധ്യാനം കൂടലും ചായകുടിയും ദേവകിയുമായുള്ള വിവാഹമായി; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; പിന്നേയും കല്യാണങ്ങള്‍; ഭിന്ന ശേഷി പെന്‍ഷന്‍ വാങ്ങല്‍ മുടക്കിയില്ല; മസ്റ്ററിംഗ് അറസ്റ്റായി; ബാബുവിനെ കുടുക്കി കൊരട്ടി പോലീസിന്റെ ജാഗ്രത; കോട്ടയം ഓപ്പറേഷന്‍ ഇങ്ങനെ
ആലപ്പുഴ: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയിലായത് പോലീസിന്റെ നിരന്തര നിരീക്ഷണത്തിന്റെ ഫലം. ആലപ്പുഴ സ്വദേശി ബാബുവാണ് (74) അറസ്റ്റിലായത്. 14 കൊല്ലമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുന്നതിനിടെ പെന്‍ഷന്‍ പുതുക്കാന്‍ ശ്രമിച്ചതാണ് വിനയായത്. തൃശൂര്‍ കൊരട്ടി പോലീസാണ് ബാബുവിനെ പിടികൂടിയത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവില്‍ കഴിഞ്ഞത്.
2001ലാണ് ബാബു ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലം വിട്ടത്. ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. എട്ടു വര്‍ഷം ഒളിവില്‍ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ല്‍ പിടികൂടി. എന്നാല്‍ രണ്ട് വര്‍ഷം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവില്‍ പോയി. മധുര,കോട്ടയം എന്നിവിടങ്ങളില്‍ പല പേരുകളില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള പെന്‍ഷന്‍ തുക കൃത്യമായി കൈപ്പറ്റി. ഇതാണ് നിര്‍ണ്ണായകമായത്.
അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിന് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. ഇത് പുതുക്കാന്‍ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാന്‍ കൂടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാള്‍ തിരുമുടിക്കുന്നില്‍ രണ്ടാം ഭാര്യയെയാണ് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. 2001 ഒക്ടോബറില്‍ വായില്‍ തുണി കുത്തിത്തിരുകിയ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്.
ദേവകിയുടെ ദേഹത്തുണ്ടായിരുന്ന 6 വളകളും മാലയും മോതിരവും മുക്കുത്തിയും ഉള്‍പ്പെടെ 6 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. അമ്പലമുകളില്‍ ചിട്ടിത്തട്ടിപ്പ് നടത്തി 20,000 രൂപയുമായി മുരിങ്ങൂരിലെത്തി പേപ്പര്‍ മില്ലില്‍ ജോലി ചെയ്യുന്നതിനിടെയാണ് 1998 ല്‍ ദേവകിയെ വിവാഹം കഴിച്ചത്. ധ്യാനം കൂടാനായിരുന്നു ഇയാള്‍ എത്തിയത്. പിന്നീട് ഈ പ്രദേശത്ത് ജോലിയ്ക്ക് കയറുകയായിരുന്നു. കട്ടപ്പന സ്വദേശിയെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഇയാള്‍ ആലപ്പുഴ ജില്ലയിലെ പെരുമ്പളം സ്വദേശിനിയെ വിവാഹം കഴിച്ചു. ആദ്യം ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നു.
പെന്‍ഷന്‍ തുക കൃത്യമായി കൈപ്പറ്റുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു കൊരട്ടി പൊലീസ് നടത്തിയ നിരീക്ഷണമാണ് പുതിയ വര്‍ഷത്തില്‍ പെന്‍ഷന്‍ പതുക്കാന്‍ കോട്ടയത്ത്് എത്തുന്നത് അറിയാനിടയായത്. വേണു, മോഹനന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങി പല പേരുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ അമൃത രംഗനായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. എസ്ഐമാരായ സി.പി.ഷിബു, സൈബര്‍ സെല്‍ എസ്ഐ സി.എസ്.സൂരജ്, സീനിയര്‍ സിപിഒമാരായ പി.കെ.സജീഷ്‌കുമാര്‍, പി.എസ്,ഫൈസല്‍, സിപിഒ ശ്യാം പി.ആന്റണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
1999ല്‍ കൊരട്ടിയില്‍ ധ്യാനം കൂടാന്‍ വന്നതായിരുന്നു ആലപ്പുഴ സ്വദേശി ബാബു. തിരുമുടിക്കുന്നിലെ ചായക്കടയില്‍ സ്ഥിരമായി ചായ കുടിക്കാന്‍ വരുമായിരുന്നു. ചായക്കടക്കാരന്റെ സഹോദരിയായ ദേവിയെ വിവാഹം കഴിച്ച് കൊരട്ടിയില്‍തന്നെ താമസം തുടങ്ങി. നേരത്തെ കഴിച്ച വിവാഹം മറച്ചുവച്ചായിരുന്നു ദേവകിയുമായുള്ള വിവാഹം. രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ് 2011ല്‍ ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിനാലാണ് ഭിന്നശേഷിക്കാരനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചത്. ഇതു പുതുക്കാന്‍ മസ്റ്ററിങ്ങിനായി കോട്ടയത്തെ ഓഫിസില്‍ വരുമ്പോഴായിരുന്നു കൊരട്ടി പൊലീസ് പിടികൂടിയത്.
കൊലയാളി ഒളിവിലായതിനാല്‍ വിചാരണയും നീണ്ടുപോയി. ദേവകിയുടെ പേരിലുള്ള ആറു സെന്റ് ഭൂമി തട്ടിയെടുക്കാനും പദ്ധതിയുണ്ടായിരുന്നു. അറസ്റ്റിലായ ശേഷം പതിനാലു വര്‍ഷത്തെ ഒളിവു ജീവിതത്തെ കുറിച്ച് അത്ര വിശദമായി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വീണ്ടും എത്ര വിവാഹം കഴിച്ചെന്നും വ്യക്തമല്ല.