രണ്ടാഴ്ച മുന്‍പ് ദേവീദാസന്‍ നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനം ചെയ്തു; എന്നിട്ടും ദുരിതം മാറിയില്ല; അച്ഛന്‍ അസുഖം മൂലം മരിച്ചത് അതിന് ശേഷം; ദേവേന്ദുവിന്റെ കൊലയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ശംഖുംമുഖം ദേവീദാസന്‍ നിരീക്ഷണത്തില്‍ തുടരും
ബാലരാമപുരം: സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു പിന്നില്‍ അന്ധവിശ്വാസമെന്ന വിലയിരുത്തല്‍ ശക്തം. പ്രതി ഹരികുമാര്‍ പരസ്പര വിരുദ്ധമായി പ്രതികരിക്കുന്നതിനാല്‍ പോലീസ് പ്രതിസന്ധിയിലാണ്. അതിനിടെ വീട്ടില്‍ മന്ത്രവാദം നടത്തിയ ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തിരുന്നു. ദേവേന്ദു ജനിച്ചതിനു ശേഷമാണ് വീട്ടില്‍ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന, കരിക്കകം സ്വദേശി ശംഖുംമുഖം ദേവിദാസനെന്നു വിളിക്കുന്ന എസ്.പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഹരികുമാര്‍ പോലീസിനോടു പറഞ്ഞത്.
പൂജാരി പറഞ്ഞ പ്രകാരമാണ് കൊലനടത്തിയതെന്ന് ഇയാള്‍ ആദ്യദിനം പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് മൊഴി മാറ്റുകയും പോലീസിനെ ചോദ്യംചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പൂജാരിയായ ആര്‍.പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. രണ്ടാഴ്ച മുന്‍പ് പൂജ നടത്തുന്നതിനിടെ ശ്രീതുവിന്റെ വീട്ടില്‍നിന്ന് 36 ലക്ഷം രൂപ കളവുപോയെന്നു കാണിച്ച് ബാലരാമപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് റൂറല്‍ എസ്.പി. സുദര്‍ശനന്‍ പറഞ്ഞു. പക്ഷേ ഇതില്‍ തെളിവ് കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ശംഖുമുഖം ദേവീദാസന്‍ എന്ന് അറിയപ്പെടുന്ന പ്രദീപിനെ വിട്ടയച്ചു. ആരോപണങ്ങള്‍ പ്രദീപ് നിഷേധിക്കുകയും ചെയ്തു. ദേവീദാസന്‍ എന്ന പ്രദീപിനെ ഇനിയും ചോദ്യം ചെയ്യും. ജ്യോത്സ്യന്‍ പോലീസ് നിരീക്ഷണത്തിലാണ്.
ദേവേന്ദുവിന്റെ കൊലപാതക അന്വേഷണം പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. കുഞ്ഞിനെ കൊന്നത് താന്‍ മാത്രമാണെന്ന ഹരികുമാറിന്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. ഹരികുമാര്‍ പറയുന്നതൊന്നും സ്ഥിരതയില്ലാത്ത കാര്യങ്ങളാണ്. പ്രതി അടിക്കടി മൊഴിയും മാറ്റുന്നു. കുഞ്ഞിനെ കൊന്നത് ഉള്‍വിളികാരണെന്ന് അടക്കം വിശദീകരിക്കുന്നു. ഹരികുമാറിന്റെ കുറ്റസമ്മത മൊഴി കൊണ്ടു മാത്രം കേസ് മുമ്പോട്ട് പോകില്ലെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലം അനിവാര്യതയാണ്. ഇതു കണ്ടെത്താനാകും ഇനിയുള്ള പോലീസിന്റെ ശ്രമം. തിരുവനന്തപുരം റൂറല്‍ എസ് പി സുദര്‍ശനന്‍ നേരിട്ട് അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നുണ്ട്.
കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീ ദാസന്‍ നിഷേധിച്ചു. ജ്യോത്സ്യന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ശംഖുംമുഖം ദേവീ ദാസന്‍ പ്രതികരിച്ചു. തനിക്ക് എതിരെ നൂറു ശതമാനം കള്ള പരാതിയാണ് ശ്രീതു നല്‍കിയതെന്ന് ജ്യോത്സ്യന്‍ പ്രതികരിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കൊവിഡിന് മുന്‍പാണ് ഒന്നര വര്‍ഷത്തോളം തന്റെ സഹായി ആയി ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശംഖുംമുഖം ദേവീ ദാസന്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍ അമ്മ ശ്രീതുവിനൊപ്പം ഉറങ്ങിക്കിടന്ന ദേവേന്ദുവിനെ അമ്മാവനായ ഹരികുമാര്‍ വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതി ഹരികുമാര്‍ മാനസികവൈകല്യത്തിനു ചികിത്സതേടിയിരുന്നതായും പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിന്റെയും ശ്രീതുവിന്റെയും ഇളയ മകളാണ് ദേവേന്ദു. 2022-ലാണ് ദേവേന്ദു ജനിച്ചത്. ഇതിനുശേഷമാണ് വീട്ടില്‍ കഷ്ടപ്പാടും ദുരിതവുമുണ്ടായതെന്ന് കരിക്കകത്തെ മൂകാംബിക മഠത്തിലെ ജ്യോത്സ്യന്‍ ആര്‍.പ്രദീപ് കുമാര്‍ ഇവരോടു പറഞ്ഞിരുന്നു. ഇതിനു പരിഹാരമായി രണ്ടാഴ്ച മുന്‍പ് നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനംചെയ്യുകയും ചെയ്തു. ഇതിനിടെ, ഹരികുമാറിന്റെ അച്ഛന്‍ ഉദയകുമാര്‍ രോഗബാധിതനായി മരിച്ചിരുന്നു. ഉദയകുമാറിന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകള്‍ നടക്കേണ്ട ദിവസം പുലര്‍ച്ചെയാണ് ഹരികുമാര്‍ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത്.
സംഭവത്തെത്തുടര്‍ന്ന് പൂജപ്പുര മഹിളാമന്ദിരത്തിലാക്കിയ അമ്മ ശ്രീതു അവിടെ തുടരുകയാണ്. ഇവരെ രാത്രി പോലീസ് ചോദ്യം ചെയ്തു. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മില്‍ വാട്സാപ്പ് വഴി നിരന്തരം ചാറ്റ് ചെയ്യാറുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ട് പെരുമാറാന്‍ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പറഞ്ഞത്. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാര്‍, ഈ പൂജാരിയെയും ചോദ്യം ചെയ്യും. നഷ്ടപ്പെട്ട കൂടുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കും. ഇത് കേസില്‍ നിര്‍ണ്ണായകമാകും. വീടുവാങ്ങാനെന്ന പോരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി. ഈ സാമ്പത്തിക ഇടപാടിന് അപ്പുറം എന്തെങ്കിലും ഉണ്ടോ എന്നും പോലീസ് പരിശോധിക്കും.
ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികളായ ഷീബ റാണിയും ഷീജയും മൊഴി നല്‍കിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവര്‍ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോള്‍ ശ്രീതു കരയാറുണ്ടെന്നും ഹരികുമാര്‍ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നാണ് അവരുടെ വാദം.