ആദ്യം നോട്ടമിട്ടവർ മൈൻഡ് ചെയ്തില്ല; വീണ്ടും വിടാതെ പിന്തുടർന്നു; രാത്രി നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച് യുവാവ്; ദൃശ്യങ്ങൾ കണ്ട് പോലീസിന് ഞെട്ടൽ; ഒടുവിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ!
ബെംഗളുരു: രാത്രി റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചയാൾ കോഴിക്കോട്ട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിലക് നഗർ സ്വദേശി സന്തോഷ് ഡാനിയേലിനെയാണ് കോഴിക്കോട് നടുവണ്ണൂരിൽ നിന്ന് ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ബിടിഎം ലേ ഔട്ടിലെ റോഡിൽ വച്ചാണ് ഇയാൾ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴാണ് പ്രതി അറസ്റ്റിലാകുന്നത്.
ബിടിഎം ലേഔട്ടിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്നു പിടിച്ചത്. അതിക്രമത്തിനിരയായ യുവതി പരാതി നൽകിയിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. റോഡിലൂടെ നടന്നു പോകുന്ന രണ്ട് സ്ത്രീകളെ ഇയാൾ പിന്തുടരുന്നതും സ്ത്രീകൾ ഇയാളെ അവഗണിച്ച് മുന്നോട്ട് പോകവെ ഒരു യുവതിയെ ഇയാൾ കടന്നുപിടിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബെംഗളുരുവിലെ ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷിനായി പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ആദ്യം തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് രക്ഷപ്പെട്ടു. പിന്നീട് സേലത്ത് എത്തിയ ഇയാൾ അവിടെ നിന്ന് കോഴിക്കോട് എത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സന്തോഷിന്റെ ഉപദ്രവത്തിനിരയായ പെൺകുട്ടിയെയും അവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കണ്ടെത്തിയെങ്കിലും ഇവർ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമാവാൻ താത്പര്യമില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വേണ്ടത്ര നിലവാരമില്ലാത്തവയായിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ വൈകി എന്നാണ് പോലീസിന്റെ വിശദീകരണം.