രണ്ട് വര്‍ഷത്തിനിടെ ഗതാഗത നിയമം ലംഘിച്ചത് 311 തവണ; പിഴ ചുമത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം രൂപ; സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെയും; യുവാവിന്റെ വാഹനം പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്

പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ, സ്‌കൂട്ടറിന്റെ വില 50000ത്തില്‍ താഴെ

Update: 2025-02-04 09:57 GMT

ബെംഗളൂരു; തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 311 തവണ ഗതാഗത നിയമം ലംഘിച്ചതോടെയാണ് വാഹനം പിടിച്ചെടുത്തത്. ബെംഗളൂരു സ്വദേശിയായ സുദീപിന്റെ സ്‌കൂട്ടറാണ് ബെംഗളൂരു സിറ്റി മാര്‍ക്കറ്റ് ട്രാഫിക് പോലീസ് പിടിച്ചെടുത്തത്. വാഹനത്തിന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചില്ല. എന്നാല്‍ സുദീപിന്റെ സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെ മാത്രമാണ്.

2023 ഫെബ്രുവരി മുതലുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ബെംഗളൂരു പോലീസ് പുറത്തുവിട്ടത്. പോലീസിന്റേയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിട്ടത്. സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ ഇരട്ടിവിലയിലധികം പിഴ വന്ന സ്ഥിതിക്ക് ഇനി സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ടാക്സി വിളിക്കുന്നതാണ് നല്ലതെന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'ഈ സ്‌കൂട്ടര്‍ നിങ്ങളെടുത്തേക്ക്' എന്ന് പറയേണ്ട അവസ്ഥയിലാണ് സുദീപെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News