ഇലക്ട്രിക് ബഡ് ചാര്‍ജ്ജ് ചെയ്യുന്ന കേബിള്‍ ഉപയോഗിച്ച് ഭാര്യയെ കൊന്നു; ശേഷം ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി; ഡയാലിസിസിന് അടക്കം വന്‍ തുക ചെലവാകുന്നത് ഭാസുരനെ ബാധിച്ചു; എസ് യു ടി ആശുപത്രിയിലേത് നടക്കുന്ന കൊലയും ആത്മഹത്യാ ശ്രമവും; ജയന്തിയുടെ കൊലയില്‍ വ്യക്തത വരുത്താന്‍ അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ഇയാള്‍ ശ്രമിച്ചു. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആശുപത്രി ചിലവുകള്‍ അടക്കം താങ്ങാന്‍ കഴിയാതെ വന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറയുന്നത്. വിശദ അന്വേഷണം നടത്തും. ഭാസുരന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിശദ മൊഴി എടുക്കും.
പ്രകോപനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാകാം എന്നാണ് അവരുടേയും ഊഹം. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഒരാള്‍ വിദേശത്താണ്. ആശുപത്രിയുടെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് ഭാസുരന്‍ ചാടിയത്. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിള്‍ ഉപയോഗിച്ചാണ് ഭാസുരന്‍ കൊലപാതകം നടത്തിയത്.