'നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല'; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്

'നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്

Update: 2025-09-21 04:01 GMT

തിരുവനന്തപുരം: ജീവനൊടുക്കിയ കൗണ്‍സിലര്‍ തിരുമല അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ബിജെപി ആരോപണം തള്ളി പോലീസ്. അനില്‍ അധ്യക്ഷനായ വലിയശാല സഹകരണ സംഘത്തില്‍ നിക്ഷേപകന്റെ ബന്ധു എത്തി ബഹളമുണ്ടാക്കിയ സംഭവം പണം കൊടുക്കാമെന്ന ധാരണയില്‍ ഒത്തുതീര്‍പ്പാക്കിയാണ് പിരിഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

'നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്. അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി. നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. അതിനുശേഷം ഒരിക്കല്‍പ്പോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ല. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു മാസം മുന്‍പാണ് ഈ സംഭവം നടന്നത്' എന്നും തമ്പാനൂര്‍ പോലീസ് വ്യക്തമാക്കി.

അതേസമയം അനില്‍ ജീവനൊടുക്കിയതില്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി. പൊലീസ് ഭീഷണിക്കൊടുവിലാണ് അനില്‍ ജീവനൊടുക്കിയതെന്നായിരുന്നു ബിജെപി ആരോപണം. നാളെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കും.

ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍ അധ്യക്ഷനായ വലിയശാല ഫാം ടൂര്‍ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകര്‍ക്കു കൊടുക്കണം. ഇതിന്റെപേരില്‍ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ലെന്നും അനിലിന്റെ കുറിപ്പിലുണ്ട്.

വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകര്‍ച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് വലിയശാലയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനില്‍ ചിലരുടെ നിക്ഷേപം തിരികെ നല്‍കിയതായും സൂചനയുണ്ട്.

കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലില്‍ തൃക്കണ്ണാപുരം വാര്‍ഡിനെയും അനില്‍ പ്രതിനിധീകരിച്ചിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും നേമം മണ്ഡലം പ്രസിഡന്റുമായിരുന്നു. ആര്‍എസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലും 11ന് തിരുമല ജംക്ഷനിലും വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം ഒന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും.

Tags:    

Similar News