രാത്രി 11 മണിയോടെ മുഖംമൂടി ധരിച്ച് കാറിലെത്തിയ സംഘം; വീടിന്റെ ജനലുകൾ അടിച്ചു തകർത്തു, അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകത്തു കയറി; വെട്ടിപ്പരിക്കേൽപ്പിച്ചത് ബി.ജെ.പി പ്രവർത്തകനെ; ഭാര്യയ്ക്കും മർദ്ദനം; അറസ്റ്റ് ഉടനെന്ന് പോലീസ്
തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മാവേലികോണം കാർത്തികയിൽ പ്രജീഷിനാണ് (38) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പ്രജീഷിന്റെ ഭാര്യക്കും മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലെത്തിയ സംഘം ജനലുകൾ അടിച്ചുതകർക്കുകയും അടുക്കള വാതിൽ വെട്ടിപ്പൊളിക്കുകയും ചെയ്താണ് കടന്നുകയറിയത്. വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ, പ്രജീഷിനെ അസഭ്യം പറയുകയും ഭാര്യയുടെ മുന്നിലിട്ട് കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഭാര്യയെ മർദിക്കുകയും അവരുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ശേഷം സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ശരീരഭാഗങ്ങളിലാകെ വെട്ടേറ്റതിനെ തുടർന്ന് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന പ്രജീഷിനെ കല്ലമ്പലം പൊലീസ് എത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച വൈകുന്നേരം മാവിന്മൂട് ജംഗ്ഷനിൽ വെച്ച് പ്രജീഷിന് ചിലരുമായി വാക്കുതർക്കമുണ്ടായിരുന്നെന്നും, ഈ ആക്രമണത്തിന് പിന്നിൽ അവരാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും കല്ലമ്പലം പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.