'അയ്യോ..ദേ കറുത്ത പാമ്പ് ..'; രാത്രി കിടന്നാൽ ഉറക്കമില്ല; അതിഥി തന്നെ പതിമൂന്ന് പ്രാവശ്യം കടിച്ചെന്നും വെളിപ്പെടുത്തൽ; ഒടുവിൽ ഭയന്ന് വിറച്ചുപോയ പെൺകുട്ടി ചെയ്തത്; അന്തം വിട്ട് ഗ്രാമവാസികൾ
കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ബസ്തി ഭൈസ ഗ്രാമത്തിൽ 15 വയസ്സുള്ള പെൺകുട്ടിക്ക് 40 ദിവസത്തിനിടെ 13 തവണ കരിമ്പാമ്പ് കടിച്ചതായി വെളിപ്പെടുത്തിയതോടെ ഗ്രാമീണർ ഭീതിയിൽ. ഇതേത്തുടർന്ന് ഗ്രാമം വിട്ട് പോകാൻ തീരുമാനമെടുത്തു.
കഴിഞ്ഞ 40 ദിവസത്തിനിടെ ഒരു കരിമ്പാമ്പ് തന്നെ 13 തവണ കടിച്ചതായാണ് പെൺകുട്ടി പറയുന്നത്. പാമ്പ് കടിക്കുമ്പോൾ വൈദ്യുതാഘാതം ഏറ്റതുപോലെയുള്ള വേദന അനുഭവപ്പെടുന്നതായും ശരീരത്തിൽ കടിച്ചത് വ്യക്തമായി കാണാമെന്നും പെൺകുട്ടി അവകാശപ്പെടുന്നു. രാത്രിയിൽ വാതിലുകൾ അടച്ചിട്ടും പാമ്പ് വീടിനകത്ത് പ്രവേശിക്കുന്നതായി കുടുംബാംഗങ്ങളും പറയുന്നു. ജൂലൈ 22നാണ് ആദ്യമായി പെൺകുട്ടിക്ക് പാമ്പ് കടിയേറ്റത്.
ഇതിനായി 4 ലക്ഷം രൂപയോളം ചികിത്സയ്ക്ക് ചെലവഴിച്ചെന്ന് കർഷകത്തൊഴിലാളിയായ പിതാവ് രാജേന്ദ്രൻ പറയുന്നു. പാമ്പുപിടുത്തക്കാരെ പലതവണ സമീപിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പിനെ വയലിലും വീട്ടകത്തും പലപ്പോഴും കാണാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പെൺകുട്ടിയുടെ കുടുംബം പറയുന്ന പാമ്പിനെ ഇതുവരെ മറ്റ് ഗ്രാമീണരാരും കണ്ടിട്ടില്ല. "പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് മാത്രമേ പാമ്പിനെക്കുറിച്ച് കേട്ടിട്ടുള്ളൂ. സത്യം പറഞ്ഞാൽ, അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ഞങ്ങൾ ഭയപ്പെടുന്നു, അടുത്തത് ഞങ്ങളായിരിക്കുമോ എന്ന് ആശങ്കയുണ്ട്," ഒരു ഗ്രാമീണൻ പറഞ്ഞു. പാമ്പ് കറുത്തതും തടിച്ചതും ഒരു കൈയോളം നീളമുള്ളതാണെന്ന് കുട്ടിയുടെ അമ്മായി വിവരിച്ചു.
അസാധാരണമായ ഈ വെളിപ്പെടുത്തൽ ഗ്രാമീണരിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. വിഷയത്തിൽ ദോഷപരിഹാരത്തിനായി ഒരു തന്ത്രിയുടെ സഹായം തേടിയിട്ടുണ്ട്. ഭയന്നുവിറച്ച പെൺകുട്ടിയുടെ കുടുംബം ഇളയ സഹോദരങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ സംഭവത്തെ തുടർന്ന് ബസ്തി ഭൈസയിലെ ജനങ്ങൾ നാടുവിടാനാണ് തീരുമാനമെടുത്തിരിക്കുന്നത്.