കരിപ്പൂരില്‍ അബുദബി വിമാനത്തിന് രണ്ടുദിവസം മുമ്പുണ്ടായ ബോംബ് ഭീഷണി; എയര്‍ അറേബ്യ വിമാനത്തിന് ഭീഷണി സന്ദേശം വന്നത് ഇ-മെയില്‍ വഴി; പാലക്കാട് സ്വദേശിയായ 26 കാരന്‍ പിടിയില്‍

വിമാനത്തിന് ഭീഷണി മുഴക്കിയ 26 കാരന്‍ പിടിയില്‍

Update: 2024-10-30 15:04 GMT

മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി മുഴക്കിയ പ്രതി പോലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ ഫ്‌ളൈറ്റ് നമ്പര്‍ 3L 204 (CCI-AUH) എന്ന വിമാനത്തിന് ഭീഷണി ഉണ്ടെന്ന് സന്ദേശമയച്ചയാളെ കരിപ്പൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിന്റെ മകന്‍ മുഹമ്മദ് ഇജാസ്(26)ആണ് അറസ്റ്റിലായത്. 28നു. വൈകീട്ട് 5.10 മണിക്ക് പ്രതിയുടെ ijasmuhammed087@gmail.com എന്ന ഇ-മെയില്‍ അക്കൌണ്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാല്‍ റിയാദിലിറക്കിയതോടെ ഉംറ തീര്‍ഥാടകരുള്‍പ്പടെ 250ഓളം യാത്രക്കാര്‍ പ്രയാസത്തിലായിരുന്നു. കരിപ്പൂരില്‍ നിന്ന് രാത്രി ഇന്ത്യന്‍ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12 മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നു.

എന്നാല്‍ അവിചാരിതമായുണ്ടായ സാങ്കേതിക കാരണങ്ങളാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ വിമാനത്താവളത്തിലെ ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. അതില്‍ കുറച്ചധികം പേരെ പിറ്റേദിവസം രാവിലെയോടെ ഡൊമസ്റ്റിക് ടെര്‍മിനിലേക്ക് കൊണ്ടുവന്നു.

വിവിധ ആഭ്യന്തര വിമാനങ്ങളില്‍ ജിദ്ദയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡിഗോയുടെ റിയാദിലെ അധികൃതര്‍. പുലര്‍ച്ചെ ഒരു കേക്കും ജ്യൂസും മാത്രമാണ് കിട്ടിയതെന്നും ഭക്ഷണം കിട്ടാത്തത് പ്രയാസത്തിലാഴ്ത്തിയെന്നും യാത്രക്കാര്‍ പറഞ്ഞു. ആറ് ഉംറ ഗ്രൂപ്പുകള്‍ക്ക് കീഴില്‍ പുറപ്പെട്ട തീര്‍ഥാടകരും ജിദ്ദയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് യാത്രക്കാരായുണ്ടായിരുന്നത്.

Tags:    

Similar News