ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരണം ഉറപ്പ്; കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ യൂട്യൂബ് നോക്കി പദ്ധതി തയ്യാറാക്കി ഭാര്യ; കൊലപാതകത്തിന് പിന്നാലെ കാണ്മാനില്ലെന്ന പരാതിയും; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് യുവതി

Update: 2025-08-08 07:14 GMT

ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കൂട്ടാളികളും അറസ്റ്റില്‍. ഭര്‍ത്താവിന്റെ ചെവിയില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് യുവതിയും കാമുകനും സുഹൃത്തും പിടിയിലായത്. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ലൈബ്രറിയില്‍ ശുചീകരണ ജോലി ചെയ്തിരുന്ന തൊഴിലാളി സമ്പത്താണ് കൊല്ലപ്പെട്ടത്. സമ്പത്തിന്റെ ഭാര്യ രമാദേവിക്കൊപ്പം കൊലപാതകത്തിന് കൂട്ടു നിന്ന കാമുകന്‍ രാജയ്യ സുഹൃത്തായ ശ്രീനിവാസന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യൂട്യൂബ് വിഡിയോ കണ്ടാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നാണ് യുവതിയുടെ മൊഴി. പ്രദേശത്തെ ലൈബ്രറിയിലെ ക്ലീനിങ് ജോലിക്കാരനായ സമ്പത്താണ് കൊലപ്പെട്ടത്. സമ്പത്ത് രമാദേവി ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മദ്യത്തിന് അടിമയായ സമ്പത്ത് വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇതോടെ ഇയാളുമായി അകന്ന രമദേവിക്ക് കരന്‍ രാജയ്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നു.

രമാദേവി വീടിന് സമീപം ചെറിയ ചായക്കട നടത്തിയിരുന്നു. ഇവിടെ നിന്നുള്ള പരിചയമാണ് 50കാരനായ കരണ്‍ രാജയ്യയുമായി അടുത്തത്. അടുപ്പം അവിഹിത ബന്ധത്തിലേക്ക് എത്തിയതോടെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കൊലപാതകം നടത്താനുള്ള മാര്‍ഗം രമാദേവി കണ്ടെത്തിയത് യൂട്യൂബിലൂടെയാണ്. ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് കൊലപ്പെടുത്താമെന്നായിരുന്നു വിഡിയോയുടെ ഉള്ളടക്കം. ഇത് കാമുകനുമായി ചര്‍ച്ച ചെയ്താണ് കൊലപാതകം നടത്തിയത്.

കൊലപാതക ദിവസം രാത്രി രാജയ്യയും സുഹൃത്ത് ശ്രീനിവാസും ചേര്‍ന്ന് സമ്പത്തിനെ ബൊമ്മക്കല്‍ ഫ്‌ലൈഓവര്‍ ഭാഗത്തേക്ക് വിളിച്ചു വരുത്തി. പിന്നീട് മൂവരും മദ്യപിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങിപോയ സമ്പത്തിന്റെ ചെവിയില്‍ ഇരുവരും കീടനാശിനി ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. ഈ വിവരം രാജയ്യയാണ് രമാദേവിയെ വിളിച്ചറിയിക്കുന്നത്.

തൊട്ടടുത്ത ദിവസം രമാദേവി പൊലീസ് സ്റ്റേഷനിലെത്തി സമ്പത്തിനെ കാണ്മാനില്ലെന്ന പരാതിയും നല്‍കി. ഓഗസ്റ്റ് ഒന്നിനാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്ന് രാജയ്യയും രമാദേവിയും വാശിപിടിച്ചതോടെയാണ് പൊലീസിന് സംശയങ്ങളുണ്ടായത്. മരണത്തിലെ അസ്വാഭാവികത അന്വേഷിക്കാന്‍ സമ്പത്തിന്റെ മകന്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കാള്‍ റെക്കോര്‍ഡുകള്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വഷണത്തിലാണ് രമാദേവി, രാജയ്യ, ശ്രീനിവാസ് എന്നിവരിലേക്ക് അന്വേഷണം എത്തിച്ചത്. ചോദ്യം ചെയ്തപ്പോള്‍ മൂവരും കുറ്റം സമ്മതിച്ചു. മൂവരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവിനെ എങ്ങനെ കൊല്ലാമെന്ന് രമാദേവി തിരഞ്ഞത് ഓണ്‍ലൈനിലൂടെയാണ്. ഇതിനായി ഒരു യൂട്യൂബ് വീഡിയോയിലൂടെ ചെവിയില്‍ കീടനാശിനി ഒഴിക്കുന്ന രീതിയെക്കുറിച്ച് രമാദേവി പഠിച്ചെടുക്കുകയായിരുന്നു. ഇത് കാമുകനായ രാജയ്യയുമായി പങ്കുവച്ച ശേഷം രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസിനൊപ്പം ചേര്‍ന്ന് സമ്പത്തിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Tags:    

Similar News