ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, കുഞ്ഞിന്റെ പൊക്കിള്‍ കൊടി സ്വയം മുറിക്കുന്ന വീഡിയോ യുട്യൂബില്‍ ഇട്ടു; പ്രമുഖ യുട്യൂബര്‍ക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബര്‍ ഇര്‍ഫാന്‍ പുതിയ വിവാദത്തില്‍. ഇര്‍ഫാന്‍ മകളുടെ പൊക്കിള്‍കൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോയും ഭാര്യയുടെ പ്രസവവും പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലായില്‍ ഇര്‍ഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നതുമുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ കുഞ്ഞ് ജനിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് 16 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഡോക്ടര്‍മാരുടെ അനുവാദത്തോടെയാണ് ഇര്‍ഫാന്‍ പൊക്കിള്‍ക്കൊടി മുറിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരം തേടുകയായിരുന്നു.
വിവാദമായതോടെ വീഡിയോ ചാനലില്‍ നിന്ന് നീക്കി. പൊക്കിള്‍ക്കൊടി മുറിക്കാന്‍ ഡോക്ടര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. സംഭവത്തില്‍ ആശുപത്രിക്കും ഓപ്പറേഷന്‍ തിയേറ്ററിലുണ്ടായിരുന്ന ഡോക്ടര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ വ്യക്തമാക്കി. നേരത്തെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതില്‍ ഇര്‍ഫാനെതിരെ നടപടി എടുത്തിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കം ചെയ്തുമാണ് തലയൂരിയത്.